വിമാനത്താവളത്തിൽ കൃത്രിമക്കാൽ മാറ്റുന്നത് വേദനിപ്പിക്കുന്നു: സുധാചന്ദ്രൻ

Saturday 23 October 2021 12:02 AM IST

 മാപ്പ് പറഞ്ഞ് സി.ഐ.എസ്.എഫ്

മുംബയ്: വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനയ്ക്കിടെ കൃത്രിമക്കാൽ ഊരിമാറ്റുന്നത് വേദനിപ്പിക്കുന്നുവെന്നും ഇതൊഴിവാക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ട് നടിയും നർത്തകിയുമായ സുധാചന്ദ്രൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതിന് പിന്നാലെ, മാപ്പ് ചോദിച്ച് സി.ഐ.എസ്.എഫ്.

'മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് കൃത്രിമക്കാൽ പരിശോധിച്ചുകൂടെ എന്നു ചോദിച്ചിട്ടും ഉദ്യോഗസ്ഥർ കാൽ അഴിച്ചുവയ്പിക്കുന്നു. കൃത്രിമക്കാൽ ഊരിക്കൊണ്ടുള്ള പരിശോധന ഒഴിവാക്കാൻ തന്നെപ്പോലുള്ള മുതിർന്ന പൗരന്മാർക്ക് പ്രത്യേക കാർഡ് നൽകിക്കൂടെ' എന്നാണ്പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കേന്ദ്രസർക്കാരിനോടും സുധ വീഡിയോയിലൂടെ അഭ്യർത്ഥിച്ചത്.

സെലിബ്രിറ്റികളടക്കം പതിനായിരങ്ങൾ സുധയുടെ വീഡിയോ പങ്കുവച്ചിരുന്നു. പിന്നാലെ ബുദ്ധിമുട്ടുണ്ടായതിൽ ഖേദം പ്രകടിപ്പിച്ച് സി.എ.എസ്.എഫ് രംഗത്തെത്തി.

'വിമാനത്താവളത്തിലെ വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ സുധാചന്ദ്രന്റെ കൃത്രിമക്കാൽ ഊരണമെന്ന് നിർദ്ദേശിച്ചതെന്തിനാണെന്ന് പരിശോധിക്കും. യാത്രക്കാർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല. അസൗകര്യമുണ്ടായതിൽ സുധാചന്ദ്രനോട് മാപ്പു ചോദിക്കുന്നുവെന്നും' വിമാനത്താവളങ്ങളിൽ സുരക്ഷാ ചുമതലയുള്ള സി. ഐ. എസ്. എഫ് ട്വീറ്റ് ചെയ്തു.

വർഷങ്ങൾക്ക് മുമ്പ് കാറപകടത്തിലാണ് നർത്തകിയായ സുധ ചന്ദ്രന് കാൽ നഷ്ടമാകുന്നത്. പിന്നീട് കൃത്രിമക്കാലുമായി സുധ നൃത്തത്തിലേക്കും ജീവിതത്തിലേക്കും തിരിച്ചെത്തി. അഭിനയരംഗത്തും സജീവമായി.

Advertisement
Advertisement