അഭിമാനകരം ഈ ചരിത്ര നേട്ടം

Saturday 23 October 2021 12:00 AM IST

കൊവിഡ് പ്രതിരോധ കുത്തിവയ്പിൽ ഇന്ത്യ കൈവരിച്ച ചരിത്രനേട്ടം രാജ്യത്തിനും ജനങ്ങൾക്കും എന്നെന്നും അഭിമാനിക്കാൻ പോന്നതാണ്. വ്യാഴാഴ്ച രാവിലെ ഡൽഹിയിലെ റാം മനോഹർലോഹ്യ ആശുപത്രിയിലാണ് നൂറുകോടി വാക്സിനേഷൻ പൂർത്തിയായതിന്റെ ഔപചാരിക ചടങ്ങ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആശുപത്രിയിലെത്തി കൊവിഡിനെതിരെ രാജ്യം നടത്തിക്കൊണ്ടിരിക്കുന്ന ഈ മഹാപോരാട്ടത്തിൽ പങ്കാളികളായ ആരോഗ്യപ്രവർത്തകരെയും ജനങ്ങളെയും മുക്തകണ്ഠം അഭിനന്ദിച്ചു. നൂറ്റിനാല്പതു കോടിയോളം ജനങ്ങളുള്ള രാജ്യത്ത് 279 ദിവസമെടുത്താണ് നൂറുകോടി ഡോസ് വാക്സിൻ വിതരണം പൂർത്തിയാക്കിയത്. വാക്സിൻ നൂറുകോടി ക്ളബിൽ ഇന്ത്യയെക്കൂടാതെ ചൈന മാത്രമേയുള്ളൂ. അജ്ഞതയും അന്ധവിശ്വാസവും ദാരിദ്ര്യ‌വുമൊക്കെ കൊടികുത്തിവാഴുന്ന രാജ്യത്ത് ഇത്രയധികം പേർക്ക് ചുരുങ്ങിയ കാലത്തിനുള്ളിൽ കുത്തിവയ്‌പ് നൽകിയതിനു പിന്നിലെ ആസൂത്രണത്തെയും നിർവഹണ ചാതുരിയെയും എത്ര അഭിനന്ദിച്ചാലും അധികമാവില്ല.

പ്രതിരോധ കുത്തിവയ്പുകൾ വിജയകരമായി പൂർത്തിയാക്കുന്നതിൽ ഒരിക്കലും നാം പിന്നിലായിരുന്നില്ല. കുട്ടികൾക്കുള്ള വിവിധ പ്രതിരോധ കുത്തിവയ്പുകൾ ചിട്ടയോടെ നടത്താൻ കഴിയുന്നതു കൊണ്ടാണ് മാരകമായ പല രോഗങ്ങളെയും സമർത്ഥമായി ചെറുക്കാനാവുന്നത്. ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ അസ്ട്രസെനെക കമ്പനി വികസിപ്പിച്ചെടുത്ത കൊവിഷീൽഡ് വാക്സിൻ പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിക്കാനുള്ള കരാർ സാദ്ധ്യമാക്കിയത് കേന്ദ്ര സർക്കാർ കൈക്കൊണ്ട ധീരമായ നിലപാട് വഴിയാണ്. ഇതിനൊപ്പം തന്നെ ആഭ്യന്തരമായി കൊവാക്സിൻ എന്ന പേരിൽ മറ്റൊരു വാക്സിൻ ഉത്‌പാദിപ്പിക്കാനും ഇന്ത്യയ്ക്കു സാധിച്ചു. ഇതിനകം ഉപയോഗിച്ച നൂറുകോടി ഡോസ് വാക്സിനിൽ 98 ശതമാനവും ഇവിടെത്തന്നെ ഉത്‌പാദിപ്പിച്ച വാക്സിനുകളാണെന്നത് അഭിമാനകരമാണ്. ലോകത്തെ ഏറ്റവും മുൻനിരയിലുള്ള ഔഷധ നിർമ്മാതാക്കൾ ഉത്‌പാദിപ്പിക്കുന്ന കൊവിഡ് വാക്‌സിനൊപ്പം ഗുണമേന്മ പുലർത്തുന്നതെന്നു തെളിയിക്കപ്പെട്ട ഭാരത് ബയോടെക്കിന്റെ കൊവാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകാത്തത് സമ്പന്ന രാജ്യങ്ങളിലെ ഫാർമസ്യൂട്ടിക്കൽ കുത്തകകളുടെ ഇടപെടലുകളെത്തുടർന്നാണ്.

നൂറുകോടി ക്ളബിലെത്തിയെന്നതിന്റെ നേട്ടം നിലനിറുത്തുന്നതിനൊപ്പം ദൗത്യം ഇനിയും ഏറെ പൂർത്തിയാക്കാനുണ്ടെന്ന യാഥാർത്ഥ്യം വിശ്രമിക്കാൻ സമയമായില്ലെന്ന് ഓരോരുത്തരെയും ഓർമ്മിപ്പിക്കുന്നു. ആദ്യ ഡോസ് ലഭിച്ചവർ എഴുപതു ശതമാനമാണെങ്കിൽ രണ്ടു ഡോസും കിട്ടിയവർ മുപ്പത് ശതമാനമേയുള്ളൂ. പതിനെട്ടുവയസിൽ താഴെയുള്ള കുട്ടികളുടെ വിഭാഗം ഒന്നടങ്കം ഇപ്പോഴും വാക്സിൻ പ്രതിരോധത്തിനു പുറത്താണ്. കലാലയങ്ങളും സ്കൂളുകളും ഇതിനകം തുറക്കുകയോ തുറക്കാനൊരുങ്ങുകയോ ആണ്. കുട്ടികളൊന്നാകെ വിദ്യാലയങ്ങളിലെത്തുമ്പോൾ എന്താണ് സംഭവിക്കുകയെന്ന ആശങ്ക എല്ലാവർക്കുമുണ്ട്. കുട്ടികൾക്കും ഉടനെ വാക്സിൻ നൽകുമെന്നായിരുന്നു പ്രഖ്യാപനം. അതിനായുള്ള പരീക്ഷണങ്ങൾ ഇപ്പോഴും നടക്കുന്നതായാണു കേൾക്കുന്നത്.

ഇന്ത്യയുടെ കൊവിഡ് പ്രതിരോധ കുത്തിവയ്പ് ലോകരാജ്യങ്ങൾക്ക് അത്ഭുതമുളവാക്കിയ ചരിത്രസംഭവം തന്നെയാണ്. ലക്ഷക്കണക്കിന് ആരോഗ്യ കേന്ദ്രങ്ങളും ദശലക്ഷക്കണക്കിന് ആരോഗ്യപ്രവർത്തകരും ഒരൊറ്റ മനസോടെ ഈ യജ്ഞത്തിന്റെ ഭാഗമായി. ആദ്യനാളുകളിൽ മടിച്ചുനിന്നവർ പോലും വാക്സിൻ ക്യൂവിൽ ഒരിടം കിട്ടാനായി തിക്കിത്തിരക്കി. സ്വാതന്ത്ര്യാനന്തര കാലത്ത് ഇതുവരെ കാണാത്തത്ര ജനസഹകരണവും കൊവിഡ് പ്രതിരോധ യജ്ഞത്തിനു ലഭിച്ചുവെന്നതാണ് മറ്റൊരു ചരിത്രനേട്ടം. കുട്ടികളുൾപ്പെടെ ശേഷിക്കുന്ന എല്ലാവരിലും രണ്ടു ഡോസ് വാക്സിൻ എത്തുമ്പോഴേ യജ്ഞം വിജയകരമായി പൂർത്തിയായെന്ന് ആശ്വാസംകൊള്ളാനാവൂ.

Advertisement
Advertisement