ആര്യന് മയക്കുമരുന്ന് നൽകിയിട്ടില്ല, ആരോപണങ്ങൾ തള്ളി അനന്യ പാണ്ഡെ,​ ഇനിയും ചോദ്യം ചെയ്യുമെന്ന് എൻ.സി.ബി

Saturday 23 October 2021 12:00 AM IST

മുംബയ്: ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടിക്കേസിൽ അറസ്റ്റിലായ ആര്യൻഖാന് ചരസ് അടക്കമുള്ള നിരോധിത ലഹരിവസ്തുക്കൾ എത്തിച്ചുനൽകിയെന്ന ആരോപണം നിഷേധിച്ച് നടി അനന്യ പാണ്ഡെ.

ഇന്നലെ എൻ.സി.ബി ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് അനന്യയെ ചോദ്യം ചെയ്യുന്നത്.

കഞ്ചാവ് സംബന്ധിച്ച വാട്‌സാപ്പ് ചാറ്റുകളെക്കുറിച്ചാണ് എൻ.സി.ബി ഉദ്യോഗസ്ഥർ അനന്യയോട് പ്രധാനമായും ആരാഞ്ഞത്.

2018-19ൽ ആര്യന് മയക്കുമരുന്ന് ഇടപാടുകാരുടെ നമ്പർ നൽകി അനന്യ സഹായിച്ചതായി ആര്യന്റെ മൊബൈലിൽ നിന്ന് വീണ്ടെടുത്ത ചാറ്റുകൾ വെളിപ്പെടുത്തുന്നുവെന്ന് എൻ.സി.ബി വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ഇക്കാര്യം അനന്യ നിഷേധിച്ചു. മയക്കുമരുന്ന് ഉപയോഗിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് അനന്യയുടെ മൊഴിയെന്ന് എൻ.സി.ബി ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയോട് വ്യക്തമാക്കി.

കഞ്ചാവ് ലഭിക്കുമോ എന്ന് ആര്യൻ ചോദിക്കുമ്പോൾ, ശരിയാക്കാം എന്നാണ് അനന്യ പറയുന്നത്. എന്നാൽ നടി ലഹരി ആര്യന് എത്തിച്ചു നൽകിയതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.

ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം എൻ.സി.ബി അനന്യയുടെ വീട്ടിൽ റെയ്ഡ് നടത്തി ലാപ്പ്ടോപ്പ്, മൊബൈൽ ഫോൺ തുടങ്ങിയവ പിടിച്ചെടുത്തത്. പിന്നാലെ അനന്യയെ മുംബയിലെ ഓഫീസിലേക്ക് വിളിപ്പിച്ച് നാല് മണിക്കൂറോളം ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് ഇന്നലെ രണ്ടാംഘട്ട ചോദ്യംചെയ്യൽ നടത്തിയത്.

അതിനിടെ, അനന്യയെ അറസ്റ്റ് ചെയ്യുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. അനന്യ പാണ്ഡെ കേസിൽ നിർണായക കണ്ണിയെന്നാണ് എൻ.സി.ബി ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്.