മഞ്ഞക്കൊന്ന, കാടിനെ വിഴുങ്ങുന്ന വിരുന്നുകാരൻ

Friday 22 October 2021 10:13 PM IST

വ്യാപനം മനുഷ്യ-മൃഗ സംഘർഷം രൂക്ഷമാക്കുമെന്ന് ശാസ്ത്രജ്ഞർ

തൃശൂർ: പൂന്തോട്ട സസ്യമെന്ന പേരിൽ സാമൂഹിക വനവത്കരണ വിഭാഗം ഇറക്കുമതി ചെയ്ത് കാടുകേറ്റിയതാണ് മഞ്ഞക്കൊന്നയെ. തൊണ്ണൂറുകളിൽ വിരുന്നുവന്ന ഈ വൃക്ഷം കാട്ടിലെ ആവാസവ്യവസ്ഥ തകർത്ത് വ്യാപിക്കുകയാണ്. ഇത് മനുഷ്യ-മൃഗ സംഘർഷം രൂക്ഷമാക്കുമെന്ന് വിദഗ്ദ്ധർ.

ഇലകൾ മൃഗങ്ങളും ഭക്ഷിക്കാത്തതിനാൽ, വ്യാപനം മൃഗങ്ങളെ നാട്ടിലിറങ്ങാൻ പ്രേരിപ്പിക്കുമെന്നാണ് വിദഗ്ദ്ധരുടെ വാദം.

2012ലെ സർവേയിൽ വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ അഞ്ച് ചതുരശ്ര കിലോമീറ്ററിലേക്ക് ഇവ വ്യാപിച്ചു. മുത്തങ്ങ, തോൽപ്പെട്ടി റേഞ്ചിൽ മാത്രം വ്യാപനം 11 ചതുരശ്ര കിലോമീറ്ററായി വർദ്ധിച്ചു. അതിലും കൂടുതലാണ് യഥാർത്ഥ കണക്കെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ഈ മരങ്ങൾ നശിപ്പിക്കാൻ ബംഗളൂരുവിലെ വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റിയുമായി ചേർന്ന് വനംവകുപ്പ് നടത്തിയ പ്രവർത്തനം ഫണ്ടിന്റെ അഭാവവും കൊവിഡും മൂലം 2019 മാർച്ചിൽ നിറുത്തി. 2050 ഏക്കറിലെ 1.47 കോടി തൈയും 4.49 ലക്ഷം മരങ്ങളുമാണ് അന്നുവരെ നശിപ്പിച്ചത്.

മലക്കപ്പാറ (തൃശൂർ), കണ്ണവം (കണ്ണൂർ), മൂന്നാർ, തേക്കടി, പെരിയാർ, കോഴിക്കോട്, അട്ടപ്പാടി, തിരുവനന്തപുരം എന്നിവിടങ്ങളിലും മഞ്ഞക്കൊന്നയുള്ളതായി കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ) കണ്ടെത്തിയിട്ടുണ്ട്. കർണാടകം, തമിഴ്‌നാട് അതിർത്തിയിലെ ബന്ദിപ്പൂർ, നാഗർഹോള, മുതുമല പ്രദേശങ്ങളിൽ വനത്തിന്റെ 20 ശതമാനത്തോളം മഞ്ഞക്കൊന്നയാണ്. അവിടങ്ങളിൽ അതത് സംസ്ഥാനങ്ങളുടെ സഹകരണമില്ലാതെ നശിപ്പിക്കാനാകില്ല. പണവും ധാരാളം ജോലിക്കാരും വേണം. 6.5 കോടിയുടെ നബാർഡ് സഹായത്തിനായി വനംവകുപ്പ് പദ്ധതി സമർപ്പിച്ചിട്ടുണ്ട്. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ രാസവസ്തു ഉപയോഗിച്ച് ഉണക്കാമെന്ന് ശാസ്ത്രജ്ഞർ പറയുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പച്ച പോലെ മറ്റ് സസ്യങ്ങൾക്കും ജീവജാലങ്ങൾക്കും ഭീഷണി സൃഷ്ടിക്കുന്ന അധിനിവേശ സസ്യമാണിത്.

മഞ്ഞക്കൊന്ന

ശാസ്ത്രനാമം സെന്ന സെക്ടാബിലിസ്

18 മാസം കൊണ്ട് പൂക്കും. 28 മീറ്റർ വളരും.
ഒരു മരത്തിൽ 5000-6000 വിത്തുണ്ടാകും.
വെട്ടിയാൽ ഇരട്ടിയിലധികമാകും

വേരിൽ നിന്നും മുളയ്ക്കും.

ദോഷം

തണലിൽ പുല്ലു പോലും മുളയ്ക്കില്ല.
മണ്ണിലെ ജലാംശം കുറയ്ക്കും. സൂക്ഷ്മാണുക്കളെ നശിപ്പിക്കും.
തടി വിറകിനും കൊള്ളില്ല.

പ്രതിവിധി

ചെറിയ ചെടികൾ വേരോടെ പിഴുതുകളയുക (അപ് റൂട്ടിംഗ്). വലിയവയുടെ അടിയിൽ നിന്ന് ഒരു മീറ്റർ മുകളിലുള്ള തൊലി ചെത്തി ഉണക്കുക

Advertisement
Advertisement