മുംബയിൽ കെട്ടിടത്തിന് തീപിടിച്ചു, രക്ഷപെടാൻ താഴേക്ക് ചാടിയ ഒരാൾ മരിച്ചു
മുംബയ്: മുംബയ് ലാൽബഗിൽ ആഡംബര വസതികൾ ഉൾപ്പെടുന്ന 60നില കെട്ടിടത്തിൽ വൻ തീപിടുത്തം. സെൻട്രൽ മുംബയ് കുറെയ് റോഡിലെ അവിഘ്‌ന പാർക്ക് അപ്പാർട്ട്‌മെന്റിന്റെ 19-ാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. രക്ഷപ്പെടാൻ ശ്രമിക്കവേ 19ാം നിലയിൽ നിന്ന് താഴേക്ക് വീണ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ അരുൺ തിവാരി (30) മരിച്ചു. തലയ്‌ക്കേറ്റ ഗുരുതര പരിക്കിനെ തുടർന്നാണ് അന്ത്യം.19–ാം നിലയിൽനിന്നു അരുൺ താഴേക്ക് വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
കെട്ടിടത്തിന്റെ 20ാം നിലയിലേക്കും തീ പടർന്നെങ്കിലും ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു. 24 ഫയർ എൻജിനുകളാണ് രക്ഷാ ദൗത്യത്തിനെത്തിയത്. മുകൾ നിലയിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മുംബയ് കോർപ്പറേഷൻ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.മുംബയ് മേയർ കിഷോരി പെഡ്‌നെകറും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.