പട്ടിണി നേരിടാൻ രാജ്യം മുഴുവൻ സാമൂഹിക അടുക്കള, പരിഗണിക്കാമെന്ന് സുപ്രീംകോടതി

Saturday 23 October 2021 12:00 AM IST

ന്യൂഡൽഹി: പട്ടിണിയും പോഷകാഹാരക്കുറവും തടയുന്നതിന് രാജ്യവ്യാപകമായി സാമൂഹിക അടുക്കളകൾ ആരംഭിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകണമെന്ന ഹർജിയിൽ അടിയന്തര വാദം കേൾക്കുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ ശർമ കോഹ്‌ലി എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഇത് സംബന്ധിച്ച് ഉറപ്പ് നൽകിയത്.


പ്രസ്തുത ഹർജിയിൽ വാദം കേട്ടിരുന്ന ബെഞ്ചിന്റെ അദ്ധ്യക്ഷൻ താനായായിരുന്നുവെന്നും നോട്ടീസ് അയച്ചിരുന്നുവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസ് വീണ്ടും ഈ മാസം 27ന് പരിഗണിക്കും. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഹർജിയിൽ സത്യവാങ്‌മൂലം സമർപ്പിക്കാൻ തയാറാകാതിരുന്ന ആറു സംസ്ഥാനങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം പിഴ ചുമത്തിയിരുന്നു. ഡൽഹി, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, ഒഡിഷ, ഗോവ തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് പിഴയിട്ടത്. സുപ്രീംകോടതിയുടെ നോട്ടീസിന് മറുപടി നൽകിയ സംസ്ഥാനങ്ങളുടെ വിശദമായ പട്ടിക തയാറാക്കാൻ ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷക അഷിമ മണ്ഡലയോട് കോടതി നിർദ്ദേശിച്ചു.

അഞ്ച് വയസിൽ താഴെയുള്ള 69 ശതമാനം കുട്ടികളും പോഷാകാഹാരക്കുറവ് നേരിടുന്നു. ഈ സമയത്ത് സാമൂഹിക അടുക്കളകളെക്കുറിച്ച് ചിന്തിക്കേണ്ട അനിവാര്യ സാഹചര്യം ആണെന്നും അഭിഭാഷക ചൂണ്ടിക്കാട്ടി. 2019 ഒക്ടോബർ 18ന് രാജ്യത്ത് സാമൂഹിക അടുക്കളകൾ അനിവാര്യമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച ഹർജിയിൽ കേന്ദ്രത്തിനും സംസ്ഥാന സർക്കാരുകൾക്ക് അന്ന് സുപ്രീംകോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. സാമൂഹിക പ്രവർത്തകരായ അരുൺ ധവാൻ, ഇഷാൻ ധവാൻ, കുഞ്ജന സിംഗ് എന്നിവരാണ് ഹർജിക്കാർ.

Advertisement
Advertisement