'വഴങ്ങാതെ" ലേണേഴ്സും എച്ചും എട്ടും

Friday 22 October 2021 11:48 PM IST

കുരുക്കായി കൊവിഡ് നിയന്ത്രണങ്ങൾ

ആലപ്പുഴ: അൺലോക്കിൽ പരിശീലനം സജീവമായെങ്കിലും പുതുക്കിയ കൊവിഡ് നിയന്ത്രണങ്ങളിൽ കുരുങ്ങി ഡ്രൈവിംഗ് പരീക്ഷ. ആയിരങ്ങളാണ് ലേണേഴ്‌സ്, ലൈസൻസ് പരീക്ഷയ്ക്കുള്ള തീയതിക്കായി കാത്തിരിക്കുന്നത്. കൊവിഡ് നിയന്ത്രണം വാർഡുതലത്തിലാക്കിയതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

രോഗവ്യാപനം നോക്കി അടച്ചിടലും തുറക്കലുമായതോടെ പലപ്പോഴും ടെസ്റ്റിന് അവസരം ലഭിക്കുന്നത് ഭാഗ്യപരീക്ഷണമാണ്. ടെസ്റ്റ് ഗ്രൗണ്ടുകൾ പലപ്പോഴും കണ്ടെയ്ൻമെന്റ് സോണാകുന്നതും അവസരം നഷ്ടപ്പെടുത്തുന്നു. 2021 ജനുവരിയിൽ ലേണേഴ്സ് പാസായവരുടെ കാലാവധി അവസാനിച്ചു. ഇനി വീണ്ടും ഫീസടച്ച് പരീക്ഷയെഴുതണം. ആറുമാസമാണ് ലേണേഴ്സിന്റെ കാലാവധിയെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ മോട്ടോർ വാഹന വകുപ്പ് മൂന്ന് മാസം കൂടി നീട്ടിയതോടെയാണ് പലർക്കും ടെസ്റ്റിന് അവസരം ലഭിച്ചത്. എന്നാൽ നിയന്ത്രണങ്ങളിൽ കൊണ്ടുവന്ന പരിഷ്‌കാരം തിരിച്ചടിയാവുകയാണ്.

ഇനിയും ലേണേഴ്സിന്റെ കാലാവധി നീട്ടേണ്ടിവരുമെന്നാണ് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ലേണേഴ്സ് ലൈസൻസിന്റെ കാലാവധി അവസാനിച്ചിട്ടും ടെസ്റ്റിൽ പങ്കെടുക്കാനാവാത്ത നിരവധി പേരുണ്ട്. കാലാവധി അവസാനിക്കുന്നവർക്ക് മുൻഗണന നൽകാനുള്ള ശ്രമം കൂടി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് അപേക്ഷകരുടെ ആവശ്യം. ടെസ്റ്റുകളുടെ എണ്ണം കൂട്ടിയാൽ മാത്രമേ ഒന്നരവർഷമായി കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ തീർപ്പുണ്ടാക്കാനാവൂ.

പരിശീലന നിബന്ധനകൾ

1. ഒരേ സമയം ഒരാൾക്ക് മാത്രം ഡ്രൈവിംഗ് പരിശീലനം

2. ഓരോ ആളിനും പരിശീലനം നൽകിയ ശേഷം സ്റ്റിയറിംഗ്, ഗീയർ ലിവർ, സീറ്റ് ബെൽറ്റ്, ഹാൻഡിൽ, മിറർ, ഡോർ, ടൂവീലർ ഹാൻഡിൽ എന്നിവ അണുവിമുക്തമാക്കണം

3. ഇൻസ്ട്രക്ടർക്ക് മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീൽഡ് എന്നിവ നിർബന്ധം

4. ഡ്രൈവിംഗ് പരിശീലകർ കണ്ടെയ്ൻമെന്റ് സോണിലുള്ളവരോ കുടുംബാംഗങ്ങൾ ക്വാറന്റൈനിൽ ഉള്ളവരോ ആയിരിക്കരുത്

കണ്ണടച്ച് ഓട്ടം

ലേണേഴ്‌സ് ലൈസൻസുള്ളവർക്ക് മുന്നിലും പിന്നിലും 'എൽ' ബോർഡുവച്ച് വാഹനമോടിക്കാം. എന്നാൽ ലൈസൻസുള്ള ഒരാൾ ഒപ്പമുണ്ടാകണം. എന്നാൽ ഈ നിബന്ധനയ്ക്കുനേരേ അധികൃതർ കണ്ണടയ്ക്കുകയാണ്. ലേണേഴ്‌സിനുള്ള അപേക്ഷയും പരീക്ഷയും ഓൺലൈനാണ്. ഇതിന് തീയതി ലഭിക്കുന്നുണ്ടെങ്കിലും ഡ്രൈവിംഗ് പരീക്ഷയ്ക്കുള്ള തീയതി പലപ്പോഴും ലഭിക്കാറില്ല.

ഡ്രൈവിംഗ് പരീക്ഷ ഒരുദിവസം

ഇപ്പോൾ: 60 പേർ

നേരത്തെ: 120 ​- 180

''

കൊവിഡ് കാരണം സ്വന്തം വാഹനം ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു. ഇതിനൊപ്പം ലൈസൻസ് എടുക്കാനെത്തുന്നവരുടെ അപേക്ഷയും കൂടി. ടെസ്റ്റിനുള്ള തീയതി പോർട്ടലിൽ നിന്ന് ലഭിക്കുന്നില്ല.

ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ

Advertisement
Advertisement