വീട്ടുമുറ്റത്ത് പനിക്കാലം

Friday 22 October 2021 11:49 PM IST

ആലപ്പുഴ: ജില്ലയിൽ മഴ കുറഞ്ഞെങ്കിലും പനിക്കാലം വീട്ടുമുറ്റത്ത് ചുറ്റിക്കറങ്ങുകയാണ്. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, മലേറിയ, ചിക്കുൻഗുനിയ, എലിപ്പനി തുടങ്ങി നിരവധി രോഗങ്ങളാണ് മഴയ്ക്ക് പിന്നാലെയെത്തുക.

ഇതിൽ ഏറ്റവും പ്രധാനമായി പേടിക്കേണ്ടത് എലിപ്പനിയാണ്. കെട്ടിനിൽക്കുന്ന വെള്ളത്തിലൂടെയാണ് എലിപ്പനി വ്യാപിക്കുക. വെള്ളം കയറിയ വീടുകൾ, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവയിൽ വേണ്ടത്ര മുൻ കരുതലുകളില്ലാതെ ഇറങ്ങരുതെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.

2018 ലെ പ്രളയത്തിൽ എലിപ്പനി മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലയിൽ എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഡോക്സി സെന്റർ ആരംഭിച്ചു. ആശാപ്രവർത്തകരുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകൾ എന്നിവിടങ്ങളിൽ ഡോക്സിസൈക്ലിൻ വിതരണം ആരംഭിച്ചു.

രോഗലക്ഷണങ്ങൾ
1. 5-15 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ പ്രകടമാകും

2. കടുത്ത പനി, തലവേദന, മസിലുകളുടെ വേദന, വിറയൽ, കടുത്ത ക്ഷീണം എന്നിവയാണ് ആദ്യ ലക്ഷണം

3. ഹൃദയത്തെ ബാധിച്ചാൽ നെഞ്ചുവേദന, ശ്വാസം മുട്ടൽ

4. വൃക്കകളെ ബാധിച്ചാൽ മൂത്രത്തിന്റെ അളവ് കുറയും. രക്തമയം, കാലിലും മുഖത്തും നീര്

5. കരളിനെ ബാധിച്ചാൽ മഞ്ഞപ്പിത്തം

6. സമയത്ത് ചികിത്സ ലഭച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം

രോഗത്തെ തടയാം

1. രക്ഷാപ്രവർത്തകർ കൈയുറയും ബൂട്ടും ധരിക്കണം

2. മുറിവുകൾ നനയാതെ സൂക്ഷിക്കണം

3. കിണറുകളും മറ്റ് ജല സ്രോതസുകളും ക്ലോറിനെറ്റ് ചെയ്യണം
4. കുടിവെള്ളം തിളപ്പിച്ചാറ്റി ഉപയോഗിക്കുക

5. എലികൾ ഒളിച്ചിരിക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കുക

6. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങരുത്

ഡോക്സി സൈക്ലിൻ

14 വയസിന് മുകളിൽ: 200 എം.ജി (ആഴ്ചയിൽ)

8-14 വയസ്: 100 എം.ജി (4 ആഴ്ച )
കുട്ടികൾക്ക്: അസിത്രോമൈസിൻ ഗുളിക (ഡോക്ടറുടെ നിർദ്ദേശ പ്രകാരം)

''

രക്ഷാപ്രവർത്തകർ, വൊളണ്ടിയർമാർ അടക്കം മലിനജലവുമായി സമ്പർക്കമുണ്ടാകുന്ന എല്ലാവരും പ്രതിരോധ മരുന്ന് കഴിക്കണം. എലിപ്പനി പടരാനിടയുള്ള സാഹചര്യത്തിൽ ജാഗ്രതയാണ് വേണ്ടത്.

അനിതകുമാരി, ഡി.എം.ഒ

Advertisement
Advertisement