ജി.ഡി.മാസ്റ്റർ പുരസ്കാരം സമ്മാനിച്ചു

Friday 22 October 2021 11:55 PM IST
ജി.ഡി. മാസ്റ്റർ പുരസ്കാരം, കുറ്റ്യാട്ടൂർ പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയം പ്രസിഡന്റ് കെ. പത്മനാഭന് ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ. വിജയൻ സമ്മാനിക്കുന്നു.

പയ്യന്നൂർ: കണ്ണൂർ ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള ജി.ഡി. മാസ്റ്റർ പുരസ്കാരം, കുറ്റ്യാട്ടൂർ പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയം പ്രസിഡന്റ് കെ. പത്മനാഭന് സമ്മാനിച്ചു. ജില്ല ലൈബ്രറി കൗൺസിലും അന്നൂർ വേമ്പു സ്മാരക ഗ്രന്ഥാലയവും സംയുക്തമായി ഏർപ്പെടുത്തിയ പുരസ്കാരം, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ. വിജയൻ ആണ് സമ്മാനിച്ചത്.

അന്നൂർ വേമ്പു സ്മാരക ഗ്രന്ഥാലയത്തിൽ നടന്ന ജി.ഡി. മാസ്റ്റർ അനുസ്മരണം, സംസ്കൃത സർവ്വകലാശാല മുൻ ഡയറക്ടർ ഡോ. ഇ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കെ.കെ. ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം. ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രന്ഥാലയം ബാലവേദി തയാറാക്കിയ കൈയെഴുത്തു മാസികയുടെയും സുരേഷ് അന്നുർ ഒരുക്കിയ "മദർലീഫ് " ഹ്രസ്വ ചിത്രത്തിന്റെയും പ്രകാശനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ശിവകുമാർ നിർവ്വഹിച്ചു.

കുറ്റ്യാട്ടൂർ പെൻഷനേഴ്സ് യൂനിയൻ സാഹിത്യവേദി, വേമ്പു ഗ്രന്ഥാലയത്തിന് നൽകിയ പുസ്തകം ഗ്രന്ഥാലയം പ്രസിഡന്റ് കെ.കെ. ഗംഗാധരൻ ഏറ്റുവാങ്ങി. വൈക്കത്ത് നാരായണൻ, വി.പി. സുകുമാരൻ, എ. പ്രഭാകരൻ, പി.പി. കൃഷ്ണൻ, സുരേഷ് അന്നൂർ, പ്രമോദ് അടുത്തില, എ.കെ. ബിനേഷ് സംസാരിച്ചു. "മദർലീഫ് " ഹ്രസ്വ ചിത്ര പ്രദർശനവും നടന്നു.

Advertisement
Advertisement