ഈറ്റ വിതരണം തുടങ്ങി
Saturday 23 October 2021 2:56 AM IST
തിരുവനന്തപുരം: കേരള സംസ്ഥാന ബാംബൂ കോർപ്പറേഷന്റെ തിരുവനന്തപുരം റീജിയണിലെ ഡിപ്പോകളിൽ ഈറ്റ വിതരണം തുടങ്ങി. നിലവിൽ 5 ലോഡ് ഈറ്റ ജില്ലയിലെ വിവിധ ഡിപ്പോകളിൽ വിതരണം നടത്തി. വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവും വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും ഇടപെട്ട് ഈറ്റ വെട്ടുന്നതിന് അനുമതി നൽകിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ നിന്നാണ് തിരുവനന്തപുരം റീജിയണിൽ ഈറ്റ എത്തിക്കുന്നത്. നവംബർ മാസത്തോടെ എല്ലാ ഡിപ്പോകളിലും ഈറ്റ എത്തിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈറ്റ വെട്ട് - പനമ്പ് നെയ്ത്ത് തൊഴിലാളികളെ സഹായിക്കുന്നതിനായി 15 മാസത്തെ ഡി.എ, ഇൻസെന്റീവ് കുടിശികയടക്കം അഞ്ചുകോടിയോളം രൂപ വിതരണം ചെയ്തിട്ടുണ്ട്. സർക്കാരിനിൽ നിന്ന് തുക ലഭ്യമാകുന്ന മുറയ്ക്ക് ബാക്കി കുടിശികയും നൽകാനാവുമെന്ന് മാനേജിംഗ് ഡയറക്ടർ എം.എം. അബ്ദുൽ റഷീദ് അറിയിച്ചു.