ഉത്തരാഖണ്ഡിലെ മഞ്ഞുവീഴ്ചയിൽ മരണമടഞ്ഞ വിനോദസഞ്ചാരികളുടെ എണ്ണം 11 ആയി, രണ്ട് പേരെ ജീവനോടെ കണ്ടെത്തി, വ്യോമസേനയുടെ തെരച്ചിൽ ഇന്നും തുടരും

Saturday 23 October 2021 10:52 AM IST

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ലംഖഗ മലയിടുക്കിലെ ട്രക്കിംഗിനിടയിൽ മരണമടഞ്ഞവരുടെ സംഖ്യ പതിനൊന്ന് ആയി. രണ്ട് പേരെ ജീവനോടെ രക്ഷിച്ചു. വ്യോമസേനയുടേയും വിവിധ അർദ്ധസൈനിക വിഭാഗങ്ങളുടെയും തെരച്ചിൽ സംഘമാണ് സഞ്ചാരികളെ കണ്ടെത്തിയത്. ഉത്തരാഖണ്ഡിൽ ട്രക്കിംഗിനിടയിൽ കനത്ത മ‌ഞ്ഞുവീഴ്ചയെ തുടർന്ന് വിനോദ സഞ്ചാരികളും ഗൈഡുകളും ചുമട്ടുതൊഴിലാളികളും അടങ്ങുന്ന 17 പേരുടെ സംഘത്തിന് വഴിതെറ്റിയിരുന്നു. ഒക്ടോബർ 18നാണ് സംഘത്തെ കാണാതാകുന്നത്.

ഒക്ടോബർ 20ന് അധികൃതരുടെ ആവശ്യപ്രകാരം തെരച്ചിൽ ആരംഭിച്ച വ്യോമസേനയുടെ രണ്ട് അത്യാധുനിക ഹെലികോപ്ടറുകൾ പിറ്റേന്ന് തന്നെ 15700 അടി ഉയരത്തിൽ നിന്ന് നാല് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. അന്ന് തന്നെ 16800 അടി ഉയരത്തിൽ നിന്ന് ഒരു സഞ്ചാരിയെ ജീവനോടെയും കണ്ടെത്തി. കൊടും തണുപ്പിൽ ശരീരം അനങ്ങാൻ പോലും സാധിക്കാതെ ഇരിക്കുകയായിരുന്നു ഇയാൾ. ഇന്നലെ ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് രാവിലെ തെരച്ചിൽ പുനരാരംഭിച്ച വ്യോമസേന 16500 അടി ഉയരത്തിൽ നിന്ന് അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതേ സ്ഥലത്തു നിന്ന് ഒരാളെ ജീവനോടെ രക്ഷിക്കാനും വ്യോമസേനയ്ക്ക് കഴിഞ്ഞു. ആകാശ തിരച്ചിൽ വഴി കണ്ടെത്തിയ ഒൻപത് മൃതദേഹങ്ങളും രക്ഷപ്പെട്ട രണ്ട് വിനോദസഞ്ചാരികളേയും ഹർസിലിൽ എത്തിച്ച വ്യോമസേന മൃതദേഹങ്ങൾ പൊലീസിന് കൈമാറി. ജീവനോടെ കണ്ടെത്തിയ രണ്ട് വിനോദസഞ്ചാരികളെയും പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി.

ഇതിനു പുറമേ അർദ്ധ സൈനിക വിഭാഗങ്ങളായ ദോഗ്ര സ്കൗട്ട്സ്, അസാം റൈഫിൾസ്, ഐ ടി ബി പി എന്നിവയുടെ സംയുക്ത തിരച്ചിൽ സംഘം രണ്ട് മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെത്തിയിട്ടുണ്ട്.

Advertisement
Advertisement