അടിക്ക് കനത്ത തിരിച്ചടി നൽകി അമേരിക്ക; സിറിയയിൽ അൽ‌ ഖ്വയ്‌ദ നേതാവിനെ ഡ്രോൺ ആക്രമണത്തിൽ വധിച്ചു

Saturday 23 October 2021 12:39 PM IST

ഡമാസ്‌ക‌സ്: സിറിയയിലെ അൽ ഖ്വയ്‌ദയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരിൽ പ്രമുഖനായ അബ്‌ദുൾ ഹമീദ് അൽ മതറിനെ അമേരിക്കൻ സേന വധിച്ചു. വെള‌ളിയാഴ്‌ച അമേരിക്കൻ സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. രണ്ട് ദിവസം മുൻപ് തെക്കൻ സിറിയയിലെ അമേരിക്കൻ ഔട്ട്‌പോസ്‌റ്റിന് നേരെ ഭീകരാക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അൽ ഖ്വയ്ദ നേതാവിനെ അമേരിക്ക വധിച്ചത്. എന്നാൽ ഔട്ട്‌പോസ്‌റ്റ് ആക്രമണത്തിന്റെ പ്രതികാരമാണോ ഡ്രോൺ ആക്രമണമെന്ന് അമേരിക്ക വെളിപ്പെടുത്തിയിട്ടില്ല.

അമേരിക്കൻ പൗരന്മാരെയും അമേരിക്കയുടെ സുഹൃത്തുക്കളെയും സാധാരണക്കാരെയും ആക്രമിക്കാനുള‌ള അൽ ഖ്വയ്‌ദയുടെ ശ്രമങ്ങൾക്ക് തടയിടാനാണ് ഭീകരസംഘടനയുടെ നേതാവിനെ വധിച്ചതെന്ന് അമേരിക്കൻ സേനാ മേജർ ജോൺ റിഗ്‌സ്‌ബി അറിയിച്ചു. സെപ്‌തംബർ മാസത്തിൽ അൽ ഖ്വയ്‌ദ നേതാവായ സലിം അബു അഹമ്മദിനെ അമേരിക്കൻ സേന ഡ്രോൺ ആക്രമണത്തിൽ വധിച്ചിരുന്നു. സിറിയയിലെ ആക്രമണങ്ങളുടെ സൂത്രധാരനും സാമ്പത്തിക സഹായം ഏർപ്പെടുത്തി വിവിധ ആക്രമണങ്ങൾക്ക് അനുമതി നൽകുന്നയാളുമായിരുന്നു സലിം. പ്രസിഡന്റ് ബാഷർ അൽ അസദിനെതിരായി 2011 മാർച്ചിൽ ഉണ്ടായ സിറിയൻ കലാപങ്ങൾക്ക് ശേഷം ഒരു ദശാ‌ബ്‌ദത്തിനിടെ രാജ്യത്ത് ഇതുവരെ പത്ത് ലക്ഷത്തോളം പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർ അനാഥരുമായി.