ബംഗളുരുവിൽ മൂന്ന് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു, ലഹരിമരുന്ന് കണ്ടെത്തിയത് ലഹങ്കക്കുള്ളിൽ തുന്നിപിടിപ്പിച്ച നിലയിൽ

Saturday 23 October 2021 12:40 PM IST

ബംഗളുരു: ഓസ്ട്രേലിയയിലേക്ക് കയറ്റി അയയ്ക്കാനുള്ള വസ്ത്രങ്ങൾക്കുള്ളിൽ നിന്നും മൂന്ന് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകൾ നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ പിടിച്ചെടുത്തു. രഹസ്യവിവരത്തെതുടർന്ന് എൻ സി ബി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് അടങ്ങിയ ലഹങ്കകൾ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അന്വേഷണത്തിൽ ആന്ധ്രാപ്രദേശിലെ നരാസപുരത്തു നിന്നും ബുക്ക് ചെയ്ത പാർസൽ ചെന്നൈ വഴി ഓസ്ട്രേലിയയിലേക്ക് കടത്താനുള്ള പദ്ധതിയിലായിരുന്നു. ലഹങ്കയുടെ തുന്നൽ ഇളക്കി മയക്കു മരുന്ന് നിറച്ച ശേഷം പഴയതു പോലെ തുന്നിപിടിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ബാംഗ്ലൂരിൽ വച്ച് പിടികൂടിയ പാർസലിനെ കുറിച്ചുള്ള വിവരങ്ങൾ ചെന്നൈ ബ്രാഞ്ചിന് കൈമാറിയിരുന്നു. അവരാണ് ബുക്കിംഗ് വിവരങ്ങൾ വച്ച് പ്രതിയെ പിടിക്കൂടിയത്. വ്യാജ അഡ്രസിലായിരുന്നു പാർസൽ ബുക്ക് ചെയ്തിരുന്നത്.