മാസ്ക് ധരിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല, 5.8 കോടി രൂപ ബാങ്ക് ഉദ്യോഗസ്ഥനെകൊണ്ട് എണ്ണിച്ച് കോടീശ്വരന്റെ പ്രതികാരം

Saturday 23 October 2021 12:56 PM IST

ബീജിംഗ്: ബാങ്കിൽ നിന്നും ഭീമൻ തുക പിൻവലിച്ച കോടീശ്വരൻ മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടതിൽ കുപിതനായി ഉദ്യോഗസ്ഥരോട് പണം എണ്ണിതരാൻ ആവശ്യപ്പെട്ടു. ചൈനയിലാണ് സംഭവം.

ചൈനയിലെ സമൂഹ മാദ്ധ്യമമായ വീബോയിൽ സൺവീയ‌ർ എന്നറിയപ്പെടുന്ന കോടീശ്വരനാണ് ഷാങ്ഗായിലെ ബാങ്കിലെത്തി 5.8 കോടി രൂപ പിൻവലിച്ചത്. ഇവിടെവച്ച് മാസ്ക് ധരിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥൻ നി‌ർദേശിച്ചതിനെ തുടർന്ന് ബാങ്ക് ഉദ്യോഗസ്ഥനോട് പണം എണ്ണിതരാൻ ഇയാൾ ആവശ്യപ്പെടുകയായിരുന്നു. ഒരു ദിവസം പിൻവലിക്കാനാകുന്ന പരമാവധി തുകയാണ് 5.8 കോടി രൂപ. ബാങ്കിന്റെ നടപടിയിൽ അതൃപ്തനായ കോടീശ്വരൻ തന്റെ മുഴുവൻ തുകയും പിൻവലിക്കുന്നതുവരെ ബാങ്കിൽ പോകുമെന്നുംഉദ്യോഗസ്ഥരെ കൊണ്ട് കാശ് എണ്ണിപ്പിക്കുമെന്നും പ്രതികരിച്ചു. ബാങ്ക് തന്നോട് വളരെ മോശമായി പെരുമാറിയെന്നും ഇയാൾ ആരോപിച്ചു. കോടീശ്വരൻ പണം സ്യൂട്ട് കേസുകളിൽ നിറച്ച് കാറിൽ കൊണ്ടുപോകുന്ന ദ്യശ്യങ്ങൾ ഇതിനോടകം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

എന്നാൽ ഉപഭോക്ത്യ സേവന മാർഗനിർദേശങ്ങൾ ഒന്നും തന്നെ ലംഘിച്ചിട്ടില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥൻ മാസ്ക് ധരിക്കാൻ ആവശ്യപ്പെടുക മാത്രമായിരുന്നുവെന്നുമാണ് ബാങ്ക് ഉദ്യോഗസ്ഥർ ആരോപണങ്ങളോട് പ്രതികരിച്ചത്.

Advertisement
Advertisement