'ആറ് മാസം മുൻപ് പരാതി പറഞ്ഞപ്പോൾ വീണാ ജോർജും സിഡ‌ബ്ളി‌യുസിയും എവിടെയായിരുന്നു?'; അനുപമയ്‌ക്കുണ്ടായത് പാർട്ടി നിയമം കൈയിലെടുത്തതിന്റെ ഫലമെന്ന് പ്രതിപക്ഷ നേതാവ്

Saturday 23 October 2021 1:26 PM IST

തിരുവനന്തപുരം: പാർട്ടി നേതാവിന്റെ മകൾ തന്റെ കുഞ്ഞെവിടെ എന്ന് ചോദിച്ച് സമരം നടത്തേണ്ട ഗതികേടിലെത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാർട്ടി നിയമം കൈയിലെടുത്തതിന്റെ ഫലമാണ് അനുപമയ്‌ക്ക് ഇപ്പോഴുണ്ടായ അവസ്ഥയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 'അനുപമ ആറ് മാസങ്ങൾക്ക് മുൻപ് പരാതി പറഞ്ഞപ്പോൾ എവിടെയായിരുന്നു മന്ത്രി വീണാ ജോർജ്? എവിടെയായിരുന്നു ചൈൽഡ് വെൽഫെയർ കമ്മി‌റ്റി?' വി.ഡി സതീശൻ ചോദിച്ചു.

ഇവിടെയൊരു നിയമവ്യവസ്ഥയുണ്ട്. അത് മറികടന്ന് പാർട്ടി നിയമം കൈയിലെടുക്കാൻ ശ്രമിച്ചതിന്റെ ദുരന്തഫലമാണ് സെക്രട്ടറിയേ‌റ്റിന് മുന്നിൽ പാർട്ടി നേതാവിന്റെ മകൾ അവൾ പ്രസവിച്ച കുഞ്ഞെവിടെ എന്ന് ചോദിച്ച് സമരം നടത്തേണ്ട ഗതികേടിലെത്തിയത്. കേസിൽ അനുപമയ്‌ക്കൊപ്പമാണ്. ദത്തെടുക്കൽ നിയമമെല്ലാം കുഞ്ഞിന്റെ കാര്യത്തിൽ ലംഘിച്ചെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

സ്ത്രീകൾക്കെതിരായ പ്രശ്‌നങ്ങൾ ഈ സർക്കാരും പാർട്ടിയും കൈകാര്യംചെയ്യുന്നത് എങ്ങനെയെന്നതിന്റെ വലിയ ഉദാഹരണമാണ് അനുപമയുടെ സമരം. കോട്ടയത്തും സമാനമായ സംഭവമുണ്ടായി. പെൺകുട്ടിയെ എസ്‌എഫ്‌ഐക്കാർ അധിക്ഷേപിച്ചു, പിന്നെ അവർക്കെതിരെ കള‌ളക്കേസും ചുമത്തി കേരളം വെള‌ളരിക്കാപ്പട്ടണമാണോയെന്നും വി.ഡി സതീശൻ ചോദിച്ചു.