ദിനേശ് ബാബുവിന്റെ 51-ാമത് ചിത്രം 5 ഭാഷകളിൽ
സ്റ്റേഷൻ 3യിൽ കിഷോറും പവിത്ര ലോകേഷും സംഗീതം: ജസ്റ്റിൻ ഫിലിപ്പോസ്
ദി കിംഗ്, ധ്രുവം, കമ്മിഷണർ തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളുടെ ഛായാഗ്രാഹകനും മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പത് ചിത്രങ്ങളൊരുക്കിയ സംവിധായകനുമായ ദിനേശ് ബാബു സംവിധാനം ചെയ്യുന്ന അമ്പത്തിയൊന്നാമത് ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ അഞ്ച് ഭാഷകളിലൊരുങ്ങുന്നു.സ്റ്റേഷൻ 3 എന്ന് പേരിട്ടിരിക്കുന്ന ഈ ഇമോഷണൽ ത്രില്ലറിന്റെ ചിത്രീകരണം നവംബർ 10ന് ബംഗളൂരുവിനും മംഗളൂരുവിനുമിടയ്ക്കുള്ള സക്ലേഷ് പുരയിൽ തുടങ്ങും. കിഷോറും, പവിത്ര ലോകേഷുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പതിനാറ് ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാകും.ദിനേശ് ബാബു തന്നെയാണ് ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും നിർവഹിക്കുന്നത്. മലയാളിയായ ജസ്റ്റിൻ ഫിലിപ്പോസ് ഈ ബഹുഭാഷാ ചിത്രത്തിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. ജല്ലിക്കട്ടിൽ ചെറിയൊരു വേഷമവതരിപ്പിച്ചിട്ടുള്ള ജസ്റ്റിൻ ഫിലിപ്പോസ് ചിത്രത്തിലെ നാടൻ പാട്ടുകളെഴുതുകയും പശ്ചാത്തല സംഗീതത്തിൽ അക്കാപെല്ല വിഭാഗത്തിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നിന്നും അഖില ഭാരതീയ ഗന്ധർവ മഹാവിദ്യാലയത്തിൽ നിന്നും സംഗീതമഭ്യസിച്ച ജസ്റ്റിന് സ്റ്റേഷൻ 3 തകർപ്പൻ തുടക്കം നൽകുമെന്നാണ് പ്രതീക്ഷ.മലയാളത്തിൽ മഴവില്ല്, കൃഷ്ണം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ദിനേശ് ബാബു, തമിഴിലും തെലുങ്കിലും ഓരോ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. മറ്റ് നാല്പത്തിയേഴ് ചിത്രങ്ങളുമൊരുക്കിയത് കന്നഡയിലാണ്.