തിയേറ്ററുകൾ തുറക്കുന്നതിന് പിന്നാലെ 'കുറുപ്പ്' എത്തും, റിലീസ് തീയതി പ്രഖ്യാപിച്ച് ദുൽഖർ

Saturday 23 October 2021 6:23 PM IST

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ തിയേറ്റുകൾ തുറക്കുന്നതിന് പിന്നാലെ വമ്പൻ ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. ദുൽ​ഖർ സൽമാൻ ചിത്രം കുറുപ്പ് ആണ് മേജർ റിലീസുകളിലൊന്ന്,​ ഒ.ടി.ടിയിൽ റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് ഇപ്പോൾ തിയേറ്ററുകളിലേക്കെത്തുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ദുൽഖർ സൽമാൻ ഔദ്യോഗികമായി പുറത്തുവിട്ടു,​

നവംബർ 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദുല്‍ഖറിന്റെ അരങ്ങേറ്റചിത്രമായിരുന്ന 'സെക്കന്‍ഡ് ഷോ'യുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തും . ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാർ എന്‌ര്‍ടെയ്‍ന്‍‍മെന്‍റ്സും ചേർന്നാണ് നിര്‍മ്മാണം.

ജിതിൻ കെ ജോസിന്‍റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. ബംഗ്ലാനാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. വിവേക് ഹർഷനാണ് എഡിറ്റിംഗ്

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധൂലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ പ്രവീൺ ചന്ദ്രൻ, പി ആർ ഒ ആതിര ദിൽജിത്.