സായ്പ്പിനെ വിറപ്പിച്ച് ഇന്ത്യയിൽ നിന്നുളള അതിഥി, ഉഗ്രവിഷമുളള വിരുതൻ കടൽ കടന്നത് ഷിപ്പിം​ഗ് കണ്ടെയ്‌നറിൽ

Saturday 23 October 2021 9:48 PM IST

ലണ്ടൻ: ഇന്ത്യയിൽ നിന്നും ഇം​ഗ്ലണ്ടിലേക്ക് യാത്ര നടത്തി ഉഗ്രവിഷമുളള പാമ്പ്. ഇന്ത്യയിൽ നിന്നുള്ള ഒരു ഷിപ്പിംഗ് കണ്ടെയ്‌നറിൽ ഇംഗ്ലണ്ടിലെത്തിയ പാമ്പിനെ പിടിക്കാൻ ബ്രിട്ടീഷ് മൃഗാശുപത്രിയിൽ നിന്ന് ജീവനക്കാരെ വിളിച്ചു. എന്നാൽ ഉഗ്രവിഷമുളള ഇനമാണെന്ന് തിരിച്ചറിഞ്ഞതോടെ അവർക്ക് വളരെയധികം മുൻകരുതലുകൾ എടുക്കേണ്ടി വന്നു. ഇംഗ്ലണ്ടിലെ സൗത്ത് എസെക്‌സ് വൈൽഡ് ലൈഫ് ഹോസ്പിറ്റൽ ഇതുമായി ബന്ധപ്പെട്ട ഫേസ്‌ബുക്ക് പോസ്റ്റിട്ടതോടെ പാമ്പ് സോഷ്യൽ മീഡിയയിലും താരമായി.

ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളിൽ ഒന്നാണിതെന്ന് പാമ്പിനെപ്പിടിക്കാനായി എത്തിയ സംഘത്തിലെ വിദഗ്‍ദ്ധരാണ് മനസിലാക്കിയത്. സാവ് സ്കേൽഡ് വെെപ്പർ (ചുരുട്ടമണ്ഡലി) എന്ന പേരിലറിയപ്പെടുന്ന ഇവയുടെ കടിയേറ്റ് ഇന്ത്യയിൽ നിരവധിപേർ മരണമടഞ്ഞിട്ടുണ്ട്. പ്രതിവിഷ ലഭ്യത ഉളളതുകൊണ്ട് ഇപ്പോൾ മരണങ്ങൾ വളരെ അപൂർവമാണ്.

പാമ്പിനെ പിടികൂടിയ അധികൃതർ മനുഷ്യർക്ക് അപകടം ഉണ്ടാക്കാത്തവിധത്തിൽ സുരക്ഷിതമായ സ്ഥലത്തേക്ക് അതിനെ മാറ്റിയിട്ടുണ്ട്. അതേസമയം, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ആശുപത്രി ജീവനക്കാരുടെ ശ്രമങ്ങളെ അഭിനന്ദിച്ച് നിരവധിപേർ രംഗത്തെത്തി. പലരും പാമ്പിനെ എന്തുചെയ്യുമെന്ന് അറിയാൻ താത്പര്യം പ്രകടിപ്പിച്ചു. ഏറ്റവും മികച്ച പരിചരണം നൽകാതെ ഞങ്ങൾ ഒരിക്കലും ഒരു മൃഗത്തെയും പുനരധിവസിപ്പിക്കില്ലെന്ന് ആശുപതി അധികൃതരും വ്യക്തമാക്കി.

Advertisement
Advertisement