കണ്ണൂർ കോർപറേഷൻ ജി.ഐ.എസ് അധിഷ്ഠിതം

Sunday 24 October 2021 12:05 AM IST


കണ്ണൂർ: അതിവേഗം വളരുന്ന കണ്ണൂർ നഗരത്തിന്റെ നഗരാസൂത്രണവും സമഗ്രവികസനവും ലക്ഷ്യംവെച്ച് നടപ്പാക്കുന്ന ജി.ഐ.എസ് (ജിയോഗ്രാഫിക് ഇൻഫോർമേഷൻ സിസ്റ്റം) മാപ്പിംഗ് പദ്ധതിയായ ദൃഷ്ടി പൂർത്തിയായി. പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം നാളെ രാവിലെ 11 മണിക്ക് ചേംബർ ഹാളിൽ കെ. സുധാകരൻ എം.പി നിർവഹിക്കും.

കണ്ണൂരിന്റെ ആസൂത്രണ വികസന പ്രവർത്തനങ്ങളിൽ സാങ്കേതികതയുടെ കണ്ണായി പ്രവർത്തിക്കാൻ പര്യാപ്തമാണ് ദൃഷ്ടി പോർട്ടൽ. ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും തങ്ങൾക്കാവശ്യമുള്ള സ്ഥലങ്ങളിലെ വിവരങ്ങൾ ആവശ്യമായ രീതിയിൽ വിശകലനം ചെയ്യാനും ആവശ്യമായ റിപ്പോർട്ടുകൾ തയ്യാറാക്കാനും കഴിയും. ഇവ കോർപറേഷന്റെയും മറ്റുസർക്കാർ വകുപ്പുകളുടെയും രേഖകളുമായി താരതമ്യം ചെയ്യാം. കൂടാതെ ഭൗമശാസ്ത്രപരമായ വിശകലനം, വിവിധകാലങ്ങളിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ സംബന്ധിച്ചുള്ള വിശകലനം എന്നിവയും പോർട്ടലിൽ സാധ്യമാകും. നഗരവളർച്ചയുടെ പ്രവണതകൾ മനസിലാക്കി ആസൂത്രണം സാധ്യമാവും.

പരിപാടിയിൽ എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി സമേഷ്, ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ, സ്ഥിരം സമിതി അധ്യക്ഷന്മാർ തുടങ്ങിയർ പങ്കെടുക്കും.

ഒറ്റക്ലിക്കിൽ....

കെട്ടിടങ്ങൾ, റോഡുകൾ, തണ്ണീർത്തടങ്ങൾ, പാർക്കുകൾ തുടങ്ങി കോർപ്പറേഷൻ പരിധിയിലെ മുഴുവൻ വസ്തുക്കളുടെയും വിവരങ്ങൾ ഫോട്ടോസഹിതം വെബ്‌പോർട്ടലിൽ ലഭ്യമാകും. അടിസ്ഥാനപരമായ വിശകലനങ്ങൾ, ആവശ്യമുള്ള റിപ്പോർട്ടുകൾ തയ്യാറാക്കൽ എന്നിവ ഇനി എളുപ്പം സാധ്യമാവും. ഡ്രോൺ സർവ്വേ, ഡി.ജി.പി.എസ് സർവ്വേ, ജി.പി.എസ് സർവേ, പ്രത്യേക മൊബൈൽ ആപ്പിന്റെ സഹായത്തോടെയുള്ള കെട്ടിട സർവ്വെ തുടങ്ങിയ വിവിധ സർവ്വേകളിലൂടെ കോർപറേഷന്റെ മുഴുവൻ വിവരങ്ങളും വെബ്‌പോർട്ടലിൽ ലഭ്യമാണ്. കൂടാതെ വിവിധ കാലഘട്ടങ്ങളിലെ ഭൂവിനിയോഗ വിവരങ്ങൾ, വിവിധ ആസൂത്രണ സംബന്ധിയായ വിവരങ്ങൾ, യൂട്ടിലിറ്റി നെറ്റ്‌വർക്കുകൾ എന്നിവയെല്ലാം വെബ്‌പോർട്ടലുകളിൽ ലഭ്യമാണ്. കൊവിഡ് ഉയർത്തിയ അതിരൂക്ഷമായ വെല്ലുവിളികളെ മറികടന്നാണ് ഐ.ടി സ്ഥാപനമായ യു.എൽ.ടി.എസ് പദ്ധതി പൂർത്തീകരിച്ചത്.

Advertisement
Advertisement