പേട്ട ഓവർബ്രിഡ്ജിൽ കാറുകൾ കൂട്ടിയിടിച്ചുഒരാൾക്ക് പരിക്ക്
തിരുവനന്തപുരം: പേട്ട ഓവർബ്രിഡ്ജിൽ അമിതവേഗതയിലെത്തിയ കാർ മറ്റൊരു കാറിലിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10.30നായിരുന്നു അപകടം. പള്ളിമുക്ക് ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ ഫോക്സ്‌വാഗൺ പോളോ കാർ പേട്ടയിൽ നിന്നുവന്ന ടാറ്റ ഇൻഡിഗോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവാഹനങ്ങളുടെയും മുൻഭാഗം ഭാഗികമായി തകർന്നു. ഇൻഡിഗോയിലുണ്ടായിരുന്ന മദ്ധ്യവയസ്‌കന് സ്റ്റീയറിംഗ് വീൽ നെഞ്ചിലിടിച്ച് ഗുരുതരമായി പരിക്കേറ്റു. ഇയാളെ നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടമുണ്ടാക്കിയ കാറിലെ യാത്രക്കാർ ആനയറ സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു. വാഹനം ഓടിച്ചിരുന്നയാൾ സംഭവ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. പിൻസീറ്റിലുണ്ടായിരുന്ന യുവാവിനെ പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ മദ്യപിച്ചിരുന്നതായാണ് നാട്ടുകാർ ആരോപിക്കുന്നത്. ഈ കാറിൽ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തു.