എനിക്ക് അതിന് യോഗ്യത ഇല്ല; ' ടിപ്പുവിന്റെ സിംഹാസനത്തിൽ' ഇരിക്കുന്നതിനെക്കുറിച്ച് മോഹൻലാലിനോട് പറഞ്ഞപ്പോഴുള്ള പ്രതികരണം
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലും ഉന്നതരുമായുള്ള ബന്ധത്തെക്കുറിച്ച് നിർണായക വെളിപ്പെടുത്തൽ. മോഹൻലാൽ ഒഴികെ പല പ്രമുഖരും 'ടിപ്പുവിന്റെ സിംഹാസനത്തിൽ' ഇരുന്നിട്ടുണ്ടെന്ന് മോൻസണ് വസ്തുക്കൾ നൽകിയ സുരേഷ് വെളിപ്പെടുത്തി.
സിംഹാസനം ടിപ്പുവിന്റേതാണെങ്കിൽ അതിലിരിക്കാൻ തനിക്ക് യോഗ്യതയില്ലെന്നാണ് മോഹൻലാൽ പറഞ്ഞതെന്നും സുരേഷ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പത്ത് തവണയിൽക്കൂടുതൽ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തെന്നും അദ്ദേഹം പറയുന്നു.
മോൻസണ് കൊടുത്ത സാധനങ്ങളെ പറ്റി ചോദിച്ചറിയാനാണ് അന്വേഷണ ഉദ്യോഗസ്ഥർ വിളിപ്പിച്ചതെന്നും, അതെവിടുന്ന് കിട്ടി എന്നുമാത്രമാണ് ചോദിച്ചതെന്നും സുരേഷ് പറഞ്ഞു.വാക്കിംഗ് സ്റ്റിക്കാണ് മോശയുടെ വടിയാക്കി മാറ്റിയത്. മ്യൂസിയം തുടങ്ങുമ്പോൾ എല്ലാവർക്കും കാണാമല്ലോ എന്ന് കരുതി കൊടുത്തതാണെന്നും അദ്ദേഹം പറഞ്ഞതായി ഒരു ഓൺലൈൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.