കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവൻ ഡയറോ അന്റോണിയോ ഉസൂഗ പിടിയിൽ

Monday 25 October 2021 1:58 AM IST

ബോഗോട്ട : കൊളംബിയയിലെ കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയയുടെ തലവനായ ഒറ്റോണിയൽ എന്നറിയപ്പെടുന്ന ഡയറോ അന്റോണിയോ ഉസുഗ (50)​ പൊലീസ് പിടിയിലായി. യു.എസ് സർക്കാർ ഇയാളുടെ തലയ്ക്ക് അഞ്ച് മില്യൺ ഡോളറാണ് വിലയിട്ടിരുന്നത്. വടക്കുപടിഞ്ഞാറൻ കൊളംബിയയിലെ ആന്റിയോക്കുല പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ നിന്ന് ശനിയാഴ്ച സൈന്യവും പോലീസും ചേർന്നു നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് ഇയാളെ പിടികൂടിയത്. കൊടുംകുറ്റവാളിയെ പിടികൂടിയ സായുധസേനയെ കൊളംബിയൻ പ്രസിഡന്റ് ഇവാൻ ഡക് പ്രശംസിച്ചു. രാജ്യത്ത് ഒരു നൂറ്റാണ്ടായി മയക്കുമരുന്നിനെതിരെ നടത്തുന്ന പോരാട്ടത്തിന്റെ വിജയമാണിതെന്ന് പ്രസിഡന്റ് പറഞ്ഞു. 1990ൽ മയക്കുമരുന്ന് മാഫിയ തലവൻ പാബ്ലോ എസ്‌കോബാറിനെ പിടികൂടിയതിന് സമാനമാണിതെന്ന് പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഒറ്റോണിയലിനെ കസ്റ്റഡിയിലെടുത്തതിന്റെ ചിത്രങ്ങളും കൊളംബിയൻ സൈനികവൃത്തങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. ഇയാളെ പിടികൂടാനായി വഷങ്ങളായി സർക്കാർ നടത്തുന്ന ശ്രമങ്ങളാണ് ഒടുവിൽ വിജയം കണ്ടത്. ഒറ്റോണിയലിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് കൊളംബിയൻ സർക്കാർ 60 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

രാജ്യത്തെ ഏറ്റവും ശക്തമായ ക്രിമിനൽ സംഘമാണ് ഒറ്റോണിയലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘം. സ്വന്തമായി ഒരു സായുധ സേന തന്നെയുള്ള ഇവരുടെ പക്കൽ വലിയ ആയുധശേഖരമുണ്ട്. യു.എസിലേക്ക് കൊക്കൈൻ കടത്തുക ,​സൈനികരെയും പോലീസ് ഉദ്യോഗസ്ഥരെയും വധിക്കുക,മനുഷ്യക്കടത്ത് എന്നീ ഒട്ടേറെ കേസുകളിൽ ഒറ്റോണിയൽ പ്രതിയാണ്.

Advertisement
Advertisement