തിയേറ്ററുകൾ നാളെ തുറക്കും

Tuesday 26 October 2021 6:10 AM IST

തിയേറ്ററുടമകളുടെയും നിർമ്മാതാക്കളുടെയും ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുമെന്ന് പ്രതീക്ഷ

ജെയിംസ് ബോണ്ട് ചിത്രം ആദ്യ റിലീസ്

ആറ് മാസങ്ങൾക്ക് ശേഷം സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ നാളെ തുറക്കുമ്പോൾ തിയേറ്ററുടമകൾക്കും നിർമ്മാതാക്കൾക്കും പ്രതീക്ഷകൾക്കൊപ്പം ആശങ്കകളുമേറെ.തിയേറ്ററുടമകളും നിർമ്മാതാക്കളും സർക്കാരിനോടുന്നയിച്ച നികുതിയിളവും വൈദ്യുത ഫിക്‌സഡ് ചാർജിലുള്ള ഇളവും അനുവദിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളിലൊന്നും ഇതുവരെ അനുഭാവപൂർവമായ തീരുമാനമുണ്ടായിട്ടില്ല.കഴിഞ്ഞ ദിവസം വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനുമായി സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ നിർമ്മാതാക്കളുടെയും തിയേറ്ററുടമകളുടെയും ആവശ്യങ്ങൾ ചർച്ച ചെയ്തിരുന്നു. അനുകൂലമായ തീരുമാനം ഇന്നുണ്ടാകുമെന്നാണ് സിനിമാലോകത്തിന്റെ പ്രതീക്ഷ.ജെയിംസ് ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈയാണ് തിയേറ്ററുകൾ തുറക്കുമ്പോൾ ആദ്യം പ്രദർശനത്തിനെത്തുന്നത്. ഡാനിയേൽ ക്രെയ്ഗ് അവസാനമായി ബോണ്ട് വേഷം അവതരിപ്പിക്കുന്ന ചിത്രമെന്നതാണ് നോ ടൈം ടു ഡൈയുടെ പ്രത്യേകത.ലോകമെമ്പാടും പണം വാരിയ ബോണ്ട് ചിത്രത്തിന് കേരളത്തിലും വലിയ സ്വീകരണം ലഭിക്കുമെന്നാണ് തിയറ്ററുടമകൾ പ്രതീക്ഷിക്കുന്നത്.തിയേറ്ററുകൾ തുറന്നാലും രണ്ട് മൂന്നാഴ്ചക്കാലം മലയാളത്തിൽ വമ്പൻ റിലീസുകളൊന്നുമില്ലെന്നത് തിയേറ്ററുടമകളുടെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിന് ശേഷം വർഷാദ്യം തിയേറ്ററുകൾ തുറന്നപ്പോൾ രക്ഷയായത് മമ്മൂട്ടിയുടെ ദ പ്രിസ്റ്റും വിജയ് നായകനായ മാസ്റ്ററുമായിരുന്നു.അത്തരമൊരു ബിഗ് റിലീസ് ഇത്തവണ തിയേറ്ററുകൾ വീണ്ടും തുറക്കുമ്പോൾ റിലീസിനില്ലെന്നതാണ് തിയേറ്ററുടമകളെ ആശങ്കയിലാഴ്ത്തുന്നത്. കൊവിഡ് ഭീതി ഒഴിഞ്ഞിട്ടില്ലാത്തതിനാൽ കപ്പാസിറ്റിയുടെ അമ്പത് ശതമാനം പ്രേക്ഷകർക്ക് മാത്രമേ പ്രവേശനമനുവദിക്കൂവെന്നതിന് പുറമേ രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് മാത്രമേ പ്രവേശനമനുവദിക്കാൻ പാടുള്ളൂ, പതിനെട്ട് വയസിൽ താഴെയുള്ളവരെ പ്രവേശിപ്പിക്കാൻ പാടില്ല തുടങ്ങിയ നിബന്ധനകളും തിയേറ്ററുകളിലേക്കെത്തുന്ന പ്രേക്ഷകരുടെ എണ്ണം കുറയാനിടയാക്കും.നഷ്ടത്തിൽ മുങ്ങി നിൽക്കുന്ന തിയേറ്ററുകൾക്ക് ഇത് കൂടുതൽ ആഘാതമേല്പിക്കുമെന്ന അഭിപ്രായമാണ് തിയേറ്ററുടമകൾക്ക്. അടച്ചിട്ടിരുന്ന കാലത്തെ വൈദ്യുത ഫിക്‌സഡ് ചാർജിന്റെ കാര്യത്തിൽ സർക്കാർ ഇളവുകൾ പ്രഖ്യാപിക്കാൻ തയ്യാറായില്ലെങ്കിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.

അടച്ചിട്ടിരുന്ന കാലത്ത് പല തിയേറ്ററുടമകളും ജീവനക്കാർക്ക് ശമ്പളം പകുതിയോ, മുഴുവനായോ നൽകിയവരാണ്. തിയേറ്ററുകളുടെ നിത്യേനയുള്ള അറ്റകുറ്റപ്പണികൾക്കും മറ്റുമായി അടച്ചിട്ടിരുന്ന കാലത്തും ചില ജീവനക്കാരെ നിലനിറുത്തിയേ മതിയാകുകയുള്ളായിരുന്നു. പ്രതിമാസം ഒരുലക്ഷം രൂപ മുതൽ മുകളിലേക്കാണ് അറ്റകുറ്റപ്പണികൾക്കും മറ്റുമായി തിയേറ്ററുകൾക്ക് ചെലവായ തുക.മിഷൻ സി, സ്റ്റാർ തുടങ്ങിയ മലയാള സിനിമകളും തമിഴ് ചിത്രമായ ഡോക്ടറും ഹോളിവുഡ് ചിത്രമായ വെനം എന്നിവ വ്യാഴം , വെള്ളി ദിവസങ്ങളിലായി തിയേറ്ററുകളിലെത്തും.രജനികാന്തിന്റെ അണ്ണാത്തെ ദീപാവലി പ്രമാണിച്ച് നവംബർ നാലിന് ലോകവ്യാപകമായി റിലീസ് ചെയ്യുമെങ്കിലും ചിത്രത്തിന്റെ കേരളത്തിലെവിതരണാവകാശം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്നറിയുന്നു.

നിർമ്മാതാക്കളായ സൺ പിക്ച്ചേഴ്സ് അണ്ണാത്തെ കേരളത്തിൽ നേരിട്ട് റിലീസ് ചെയ്തേക്കുമെന്നും സൂചനയുണ്ട്.തിയേറ്ററുകൾ തുറന്നശേഷം തിയേറ്ററുകളിലേക്ക് പ്രേക്ഷകരുടെ ഒഴുക്കുണ്ടാവുമോയെന്ന് ഉറപ്പ് വരുത്തിയശേഷം റിലീസിനെപ്പറ്റി ആലോചിക്കാൻ കാത്തിരിക്കുന്ന ചില വൻ ബഡ‌്ജറ്റ് ചിത്രങ്ങളുണ്ട്.മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഉടൻ റിലീസ് ചെയ്യില്ലെന്നറിയുന്നു. ചിത്രം ഒ.ടി.ടിയിൽ റിലീസ് ചെയ്യുമെന്ന് വ്യാപക പ്രചരണമുണ്ടായിരുന്നു. ഒ.ടി.ടി യിൽ റിലീസ് ചെയ്യുന്ന കാര്യം ആലോചിക്കുമെന്ന് ദേശീയ അവാർഡ് സ്വീകരിച്ചശേഷം ഡൽഹിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവേ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു.ഒ.ടി.ടിയിൽ റിലീസ് ചെയ്യുമെന്ന് പ്രചരിപ്പിച്ചിരുന്ന ദുൽഖർ സൽമാന്റെ കുറുപ്പ് തിയേറ്റർ റിലീസിനൊരുങ്ങുന്നതിലുള്ള ആശ്വാസത്തിലും ആവേശത്തിലുമാണ് തിയേറ്ററുടമകൾ. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നവംബർ 12ന് കുറുപ്പ് റിലീസ് ചെയ്യും.സുരേഷ് ഗോപി നായകനായുള്ള കാവൽ നവംബർ 25 നാണ് തിയേറ്ററുകളിലെത്തുന്നത്.ജനുവരി വരെ റിലീസ് ചെയ്യേണ്ട സിനിമകൾ ചാർട്ട് ചെയ്ത് കഴിഞ്ഞുവെന്ന് വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും തിയേറ്ററുടമകൾക്ക് ഇതുവരെ അറിയിപ്പൊന്നും കിട്ടിയിട്ടില്ല. ആസിഫ് അലി നായകനാകുന്ന കുഞ്ഞെൽ ദോ മാത്രമാണ് ക്രിസ്‌മസിന് തിയേറ്ററുകളിൽ ചാർട്ട് ചെയ്തുകഴിഞ്ഞ ചിത്രമെന്നറിയുന്നു.മമ്മൂട്ടിയുടെ പുഴു, ഭീഷ്മപർവ്വം, മോഹൻലാലിന്റെ ആറാട്ട് എന്നീ ചിത്രങ്ങളുടെ റിലീസ് ഡേറ്റ് തീരുമാനിച്ചിട്ടില്ല.നവംബറിൽ ആസിഫ് അലി നായകനാകുന്ന എല്ലാം ശരിയാകും എന്ന ചിത്രവും തിയേറ്റർ റിലീസിനൊരുങ്ങുന്നുണ്ട്.

Advertisement
Advertisement