എനിക്ക് തുറന്നു സംസാരിക്കണം: സുരക്ഷാ കവചങ്ങൾ നീക്കി അമിത് ഷാ

Tuesday 26 October 2021 12:00 AM IST

ന്യൂഡൽഹി: സുരക്ഷയ്ക്കായി വേദിയിൽ സ്ഥാപിച്ച ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കവചങ്ങൾ എടുത്തുമാറ്റി കാശ്‌മീർ ജനതയോട് മനസ് തുറന്ന് സംസാരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്ന് ദിവസത്തെ കാശ്‌മീർ സന്ദർശനത്തിനിടെ ഇന്നലെ ശ്രീനഗറിലെ ഷേർ ഐ കാശ്മീർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെത്തിയപ്പോഴാണ് കാശ്മീരിലെ ജനങ്ങളോട് നേരിട്ട് സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് ഷാ സുരക്ഷാ കവചങ്ങൾ എടുത്തുമാറ്റിയത്.

'ഞാൻ ഏറെ പരിഹസിക്കപ്പെട്ടു. അപലപിക്കപ്പെട്ടു. ഇന്നെനിക്ക് നിങ്ങളോട് തുറന്നു സംസാരിക്കണം. അതുകൊണ്ടാണ് ബുള്ളറ്റ് പ്രൂഫ് കവചമോ മറ്റു സുരക്ഷയോ ഇവിടെ ഇല്ലാത്തത്. പാകിസ്ഥാനോട് സംസാരിക്കണമെന്നാണ് ഫാറൂഖ് അബ്ദുള്ള സഹേബ് എന്നോട് നിർദ്ദേശിച്ചത്. എന്നാൽ യുവാക്കളോടും താഴ്വരയിലെ ജനങ്ങളോടുമാണ് ഞാൻ സംസാരിക്കുക.' ഷാ പറഞ്ഞു.

ഇന്നലെ രാവിലെ ഗന്ദർബാലിലെ ഖീർ ഭവാനി ക്ഷേത്രവും അമിത് ഷാ സന്ദർശിച്ചിരുന്നു. കാശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും ഒപ്പമുണ്ടായിരുന്നു.

പ്രധാനമന്ത്രി മോദിയുടെ ഹൃദയത്തിലാണ് ജമ്മു കശ്മീരിന്റെ സ്ഥാനമെന്നും ജമ്മുവിന് ഇനി വിവേചനം അനുഭവിക്കേണ്ടി വരില്ലെന്നും കഴിഞ്ഞ ദിവസം അമിത് ഷാ വ്യക്തമാക്കിയിരുന്നു.

Advertisement
Advertisement