'ബോളിവുഡ് താരങ്ങളെയുൾപ്പടെ സമീർ വാംഖഡെ കളളക്കേസിൽ പെടുത്തി, ഇടപെട്ടത് അഭിഭാഷകനായ അയാസ് ഖാൻ'; ഗുരുതര ആരോപണങ്ങളുമായി മഹാരാഷ്‌ട്രാ മന്ത്രി
മുംബയ്: ലഹരിപാർട്ടി കേസിൽ ആര്യൻ ഖാനെ കസ്‌റ്റഡിയിലെടുത്ത നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ മുംബയ് സോണൽ ഡയറക്‌ടർക്കെതിരെ ഗുരുതര ആരോപണങ്ങളുളള കത്തുമായി എൻസിപി നേതാവും മഹാരാഷ്‌ട്ര മന്ത്രിയുമായ നവാബ് മാലിക്.
എൻസിബിയിൽ നിന്നും പേരുവയ്‌ക്കാത്ത ഒരു കത്ത് തനിക്ക് ലഭിച്ചെന്നും അതിൽ ഒരുകൂട്ടം ആളുകളുടെ പേരിൽ സമീർ വ്യാജകേസ് എടുത്തിരിക്കുന്നതിന് തെളിവുണ്ടെന്നും നവാബ് മാലിക് ആരോപിച്ചു. വ്യാജ തെളിവുകൾ എൻസിബി ഓഫീസിൽ ഉണ്ടാക്കിയതായും നവാബ് മാലിക് പറയുന്നു. കത്ത് നർകോട്ടിക്‌സ് ഡയറക്‌ടർ ജനറലിന് കൈമാറുമെന്നും നവാബ് മാലിക് പറഞ്ഞു.
സമീർ വാംഖഡെയുമായി സൗഹൃദമുളളയാളാണ് അഡ്വക്കേറ്റ് അയാസ് ഖാൻ. പല ബോളിവുഡ് താരങ്ങളെയും ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന അയാസ് ഖാൻ അത് വാംഖഡെയ്‌ക്ക് നൽകും. ഇതിന് പ്രത്യുപകാരമായി ഖാനെ താരങ്ങളുടെ അഭിഭാഷകനാക്കാൻ എൻസിബി താരങ്ങളോട് ആവശ്യപ്പെടും. നിഷ്‌കളങ്കരായവരെ കേസിൽ പെടുത്തി ശ്രദ്ധ നേടാനാണ് സമീർ വാംഖഡെ ശ്രമിക്കുന്നത്.
സമീർ വാംഖഡെ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സർക്കാർ ജോലി നേടിയതെന്ന് മുൻപ് എൻസിപി വക്താവ് ആരോപിച്ചിരുന്നു. എന്നാൽ നവാബ് മാലിക്കിന്റെ ആരോപണങ്ങളെയെല്ലാം സമീർ തളളിക്കളഞ്ഞു.