ഗോത്ര സ്മൃതികളുണർത്തി എരുതുകളി..

Tuesday 26 October 2021 9:10 PM IST
വേങ്ങാച്ചേരി ഊരുമൂപ്പൻ ചന്ദ്രന്റെ നേതൃത്വത്തിൽ ഇറങ്ങിയ എരുതുകളി സംഘം

കാഞ്ഞങ്ങാട്: കാർഷികസംസ്കൃതിയുടെ വിളംബരമായി എരുതുകളി ഒരിക്കൽ കൂടി നാടുണർത്താനിറങ്ങി. ആദിവാസി വിഭാഗത്തിൽപെട്ട മാവിലരുടെ ആചാരാനുഷ്ടാനങ്ങളിൽ പെട്ട എരുതുകളി. കാർഷിക പ്രവൃത്തി പ്രധാന ഉപജീവനമാക്കിയിരുന്ന ഈ ഗോത്രത്തിന്റെ അവശേഷിക്കുന്ന അടയാളമാണിത്. കോടോം ബേളൂർ വേങ്ങച്ചേരിയിലാണ് പത്താമുദയത്തിന് മുന്നോടിയായി എരുതുകളി ഒരിക്കൽ കൂടി ഇറങ്ങിയത്.

വേങ്ങാച്ചേരി ഊരിലെ രാമൻ മരിച്ചതോടെയാണ് ഇവിടെ എരുതുകളി നിലച്ചത്. പിന്നാലെ കൊവിഡ് വ്യാപനം കൂടിയായപ്പോൾ നാലു വർഷത്തിന്റെ ഇടവേള വന്നു. കന്നിക്കൊയ്ത്തു കഴിഞ്ഞ് ഊരുകളിൽ പഞ്ഞം മാറുന്നതും തെയ്യക്കാലം തുടങ്ങുന്നതും ഓർമ്മപ്പെടുത്തുന്ന കളിയിൽ ഇക്കുറി യുവാക്കളാണ് കൂടുതൽ. ഊരിലും തായന്നൂർ പ്രദേശത്തും ഊരുമൂപ്പൻ ചന്ദ്രന്റെ നേതൃത്വത്തിലാണ് ബാബു,സുരേന്ദ്രൻ ,ഗണേശൻ ,കുമാരൻ, ജയേഷ് എന്നിവരടങ്ങിയ സംഘം എരുതുകളിയാടിയത്.

'എരുത്' എന്ന വാക്കിന്റെ അർത്ഥം വലിയ കാള എന്നാണ്. മുളങ്കമ്പുകളും വൈക്കോലും തുണിയും മരത്തലയും കൊണ്ട് നിർമ്മിക്കുന്ന എടുപ്പുകാളയാണ് എരുതുകളിയിലെ പ്രധാന കഥാപാത്രം. കാളയേയും വഹിച്ച് താളനിഷ്ഠയോടെ ആടിപ്പാടി മാവിലർ വീടുകൾ തോറും കയറി ഇറങ്ങും. വാദ്യങ്ങളായി ചെണ്ടയും ചിപ്പിലയും ഉപയോഗിക്കും. വാദ്യത്തിനനുസരിച്ച് പാട്ടും നൃത്തവും ഉണ്ട്. കാർഷികവൃത്തിക്ക് ആരംഭം കുറിച്ചു കൊണ്ടുള്ള പാട്ടുകളാണ് ഇതിലുപയോഗിക്കുന്നത്. കളിക്കാർക്കു വീട്ടുകാർ സമ്മാനങ്ങളും നൽകും. തുലാപ്പത്തിനു തുടങ്ങുന്ന കളി കുറേ ദിവസങ്ങളോളം നീണ്ടു നിൽക്കും.
ചൂരൽ, പ്രത്യേകതരം തുണി എന്നിവ ചേർത്താണ് കാളയുടെ രൂപം ഉണ്ടാക്കുന്നത്. ചെണ്ടമേളത്തിനോടൊപ്പം നൃത്തവും ചെയ്യും, കാളരൂപത്തിന്റെ നൃത്തചുവടുകൾക്ക് അനുസൃതമായി പ്രത്യേകതരം പൊലിച്ചുപ്പാട്ടുണ്ട് എരുതുകളിക്ക്. മേലാളന്മാരെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുകളാണ് ഭൂരിപക്ഷവും.

അല്പം പുരാവൃത്തം

പൊനം (കാടുവെട്ടിത്തളിച്ച് കുന്നിൻപുറങ്ങളിൽ ചെയ്യുന്ന നെൽക്കൃഷി)​ കൃഷിചെയ്തു വന്ന പൂർവ്വികർ ജന്മികളുടെ വയലുകളിലുമായി ജോലി ചെയ്തുവരുന്നതിനിടെ കാളകളെ വാങ്ങാൻ സുബ്രഹ്മണ്യത്തേക്ക് രണ്ടുപേരെ അയക്കുന്നു.കാളകളുമായി തിരിച്ചുവരും വഴി ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് വഴിയിൽ വിശ്രമിച്ച ഇരുവരും ഉറക്കത്തിലേക്ക് വീണു. എഴുന്നേറ്റപ്പോൾ കാളകളെ കാണാനില്ലായിരുന്നു.എല്ലായിടത്തും അന്വേഷിച്ചിട്ടും പ്രയോജനമില്ലാതെ വന്നപ്പോൾ എല്ലാ വർഷവും എരുതുകെട്ടി ആടിക്കാമെന്ന് നേർച്ച നേർന്നു. കാളകളെ തിരിച്ചുകിട്ടിയതോടെ അവർ പറഞ്ഞ പോലെ പ്രവർത്തിച്ചു. കാർഷിക സംസ്‌കൃതിയും ഐശ്വര്യവും വരും കാലങ്ങളിൽ എല്ലാവർക്കും ഉണ്ടാകണമെന്ന പ്രാർത്ഥനയാണ് എരുതുകളി ആടുന്നത്.കാളയെ പുലി പിടിക്കുന്ന ചടങ്ങോടു കൂടി എരുതുകളി അവസാനിക്കും.

Advertisement
Advertisement