ആര്യാ രാജേന്ദ്രന് അധിക്ഷേപം; കെ. മുരളീധരനെതിരെ കേസ്

Wednesday 27 October 2021 12:05 AM IST

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ നൽകിയ പരാതിയിൽ കെ.മുരളീധരൻ എം.പിക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
നികുതിവെട്ടിപ്പിൽ പ്രതിഷേധിച്ച് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് കഴിഞ്ഞ ദിവസം കെ.മുരളീധരൻ എം.പി, മേയർക്കെതിരെ പരാമർശം നടത്തിയത്. ആര്യാ രാജേന്ദ്രനെ കാണാൻ ഭംഗിയുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണിപ്പാട്ടിനേക്കാൾ ഭീകരമായ വാക്കുകൾ ആണെന്നായിരുന്നു മുരളീധരന്റെ പരാമർശം. ഇതൊക്കെ ഒറ്റമഴയത്ത് തളിർത്തതാണ്. മഴ കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെയുള്ള ഒരുപാട് പേരെ കണ്ടിട്ടുള്ള നഗരസഭയാണിതെന്നും മുരളീധരൻ പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

ആര്യാ രാജേന്ദ്രൻ പൊലീസിൽ പരാതി നൽകിയതോടെ കെ.മുരളീധരൻ ഖേദം പ്രകടിപ്പിച്ചു. മേയർക്ക് മാനസികമായി വിഷമം ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കെ. മുരളീധരൻ പറഞ്ഞു. മേയർക്ക് സൗന്ദര്യമുണ്ടെന്ന് പറഞ്ഞത് അശ്ലീലമായി കരുതുന്നില്ലെന്നും തന്നെ വിമർശിക്കാൻ ഡി.വൈ.എഫ്.ഐയും ആനാവൂർ നാഗപ്പനും വളർന്നിട്ടില്ലെന്നും എ.ഐ.വൈ.എഫ് വനിതാ നേതാവിനെ ബലാത്സംഗം ചെയ്യുമെന്ന് പറയുന്നവരും കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ കൂട്ടുനിന്നവരും തനിക്ക് സർട്ടിഫിക്കറ്റ് നൽകേണ്ടെന്നും മുരളീധരൻ പറഞ്ഞു. മേയർ പക്വതയില്ലാതെ പെരുമാറുന്നുവെന്നാണ് ഉദ്ദേശിച്ചത് . അപക്വമായി പെരുമാറുന്ന മേയറുടെ നടപടികൾക്കെതിരെ വിമർശനം തുടരുമെന്നും മുരളീധരൻ വ്യക്തമാക്കി.

എന്നാൽ, പക്വത അളക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ആര്യയുടെ മറുപടി. മുരളീധരന് അദ്ദേഹത്തിന്റെ സംസ്‌കാരമേ കാണിക്കാനാവൂ. തനിക്ക് ആ നിലയിൽ താഴാനാവില്ലെന്നും ആര്യാ രാജേന്ദ്രൻ പ്രതികരിച്ചു.

Advertisement
Advertisement