ഇനി രാജപദവിയും അധികാരങ്ങളുമില്ല ജാപ്പനീസ് രാജകുമാരി മാകോ വിവാഹിതയായി
ടോക്യോ: അധികാരത്തിനും രാജ പദവിയും തന്റെ സ്നേഹത്തിന് മുന്നിൽ ഒന്നുമല്ലെന്ന് തെളിയിച്ച ജാപ്പനീസ് രാജകുമാരി മാകോ വിവാഹിതയായി.ഇന്നലെ നടന്ന വളരെ ലളിതമായ ചടങ്ങിൽ സഹപാഠിയും സുഹൃത്തുമായ കെയി കൊമുറോ ജീവിത പങ്കാളിയാക്കിയതോടെ മാകോയ്ക്ക് രാജപദവിയും അധികാരങ്ങളും നഷ്ടമായി. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ മുന്നിലുണ്ടായിരുന്ന എല്ലാ പ്രതിസന്ധികളേയും അതിജീവിച്ചാണ് ഇരുവരും ഒന്നിച്ചിരിക്കുന്നത്. അകിഹിതോ ചക്രവർത്തിയുടെ കൊച്ചുമകളും രാജകുടുംബത്തിലെ നിലവിലെ മുഖ്യനുമായ നാരുഹിതോ ചക്രവർത്തിയുടെ അനന്തരവളുമാണ് ഇരുപത്തൊമ്പതുകാരിയായ മാകോ രാജകുമാരി. നിലവിൽ യു.എസിൽ ജോലി ചെയ്യുകയാണ് കൊമുറോ. ടോക്യോയിലെ ഇന്റർനാഷനൽ ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ ഒരുമിച്ച് പഠിക്കുന്നതിനിടയിലാണ് ഇരുവരും പ്രണയത്തിലായത്. സാധാരണക്കാരനായ കൊമുറോയുമായുള്ള ബന്ധത്തിന് രാജകുടുംബത്തിൽ നിന്ന് എതിർപ്പുകളേറെ നേരിട്ടെങ്കിലും മാകോ രാജകുമാരി കൊമുറോയെ വിവാഹം കഴിക്കണമെന്ന തീരുമാനത്തിൽ ഉറച്ചു നില്ക്കുകയായിരുന്നു . 2017 ലാണ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്.
ജപ്പാനിൽ, രാജകുടുംബത്തിലെ വനിതകൾ സാധാരണക്കാരെ വിവാഹം കഴിച്ചാൽ അവരുടെ രാജപദവിയും അധികാരങ്ങളും നഷ്ടപ്പെടും. എന്നാൽ, പുരുഷന്മാർക്ക് ഈ നിയമം ബാധകമല്ല.
സാധാരണ രാജകുടുംബങ്ങളിലെ വിവാഹച്ചടങ്ങുകളൊന്നും ഈ വിവാഹത്തിനുണ്ടായിരുന്നില്ല. എല്ലാ പദവികളും വെടിഞ്ഞ് തന്റെ ഭർത്താവിനോടൊപ്പം സന്തോഷത്തോടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വിവാഹ ശേഷം മാകോ പറഞ്ഞു.
രാജപദവി ഉപേക്ഷിച്ച് കൊട്ടാരം വിട്ടാലും ഇങ്ങനെ വിവാഹിതരാകുന്നവർക്ക് 10 കോടി രൂപക്ക് തുല്യമായ തുക കൊട്ടാരം നൽകാറുണ്ട്.ഈ തുകയും മാകോ വേണ്ടെന്ന് വച്ചു. വിവാഹം കഴിഞ്ഞ് കൊമുറോയൊടൊപ്പം യു.എസിൽ സ്ഥിരതാമസമാക്കാനാണ് മാകോയുടെ തീരുമാനം.