അഫ്ഗാനിൽ താലിബാനെക്കാൾ തലവേദന ഐസിസ് കെയെന്ന് അമേരിക്ക; ആറ് മാസത്തിനകം തങ്ങളെ ആക്രമിക്കാൻ ശക്തരാണെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ

Wednesday 27 October 2021 11:03 AM IST

വാഷിംഗ്ടൺ ഡിസി: അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭരണം വന്നതോടെ നിരന്തരം ചാവേറാക്രമണങ്ങളും കുഴപ്പങ്ങളും സൃഷ്‌ടിക്കുന്ന ഐസിസിന് ഈ നിലയിൽ ആറ് മാസത്തിനകം അമേരിക്കയെയും ആക്രമിക്കാനാകുമെന്ന് കണ്ടെത്തൽ. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തലുള‌ളതെന്ന് പെന്റഗൺ വൃത്തങ്ങൾ പറയുന്നു.

അഫ്ഗാനിലെ തീവ്രവാദികളുടെ സാന്നിദ്ധ്യം ഇപ്പോഴും അമേരിക്കൻ ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് യുഎസ് പ്രതിരോധ അണ്ടർ സെക്രട്ടറി കൊളിൻ കാൾ വ്യക്തമാക്കി. രണ്ട് പതിറ്റാണ്ട് നീണ്ട അമേരിക്കൻ അധിനിവേശം അവസാനിപ്പിച്ച് അമേരിക്കൻ സേന ഓഗസ്‌റ്റ് മാസത്തിൽ പിന്മാറിയതിന് പിന്നാലെ വെറും പത്ത് ദിവസം കൊണ്ടാണ് താലിബാൻ അഫ്‌ഗാൻ ഭരണം പിടിച്ചെടുത്തത്. എന്നാൽ പിന്നാലെ അഫ്ഗാനിൽ ഐസിസ് ആക്രമണം തുടങ്ങി.

അഫ്ഗാനിലെ ന്യൂനപക്ഷങ്ങളായ ഷീയ വിഭാഗങ്ങളുടെ പള‌ളികളിൽ സ്‌ഫോടനം നടത്തുകയും താലിബാൻ അംഗത്തിന്റെ തലവെട്ടുകയും ചെയ്‌ത് ഐസിസ് താലിബാന് ശക്തമായ വെല്ലുവിളിയുയർത്തി. തങ്ങൾക്ക് താലിബാനെയും അൽ ഖ്വയ്‌ദയെയും നേരിടാൻ ഒരുപോലെ കഴിവുണ്ട് എന്നാൽ താലിബാന് ഐസിസിനെ നേരിടാൻ പ്രാപ്‌തിയുണ്ടോയെന്ന് ഇപ്പോഴും തെളിഞ്ഞിട്ടില്ലെന്ന് പെന്റഗൺ വ‌ൃത്തങ്ങൾ പറയുന്നു.

നിലവിൽ ഐസിസിന് അയ്യായിരത്തോളം പോരാളികൾ മാത്രമാണ് അഫ്‌ഗാനിലുള‌‌ളത്. ഇവിടെ തങ്ങളുടെ സൈനികരില്ലാതെ ഐസിസ്, അൽ ഖ്വയ്‌ദ തീവ്രവാദികളെ തിരിച്ചറിയാനും ആക്രമിക്കാനും പ്രയാസമാണെന്ന് കൊളിൻ കാൾ വ്യക്തമാക്കി.ഈ തീവ്രവാദ സംഘടനയിൽ പെട്ടവരെ ആക്രമിക്കാൻ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഡ്രോണുകൾ അമേരിക്ക ഉപയോഗിക്കും. ഇക്കാര്യത്തിൽ ജാഗ്രത തുടരാനാണ് അമേരിക്കൻ തീരുമാനം.