കിളിമഞ്ചാരോ കീഴടക്കിയ സന്തോഷം പങ്കുവച്ച് നിവേദ തോമസ്
Wednesday 27 October 2021 2:15 PM IST
മലയാളത്തിൽ ബാലതാരമായെത്തി തമിഴിലും തെലുങ്കിലും സജീവമായ നടിയാണ് നിവേദ തോമസ്. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കിയ സന്തോഷമാണ് നിവേദ ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കൊടുമുടിക്ക് മുകളിൽ ഇന്ത്യൻ പതാക പുതച്ചു നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് നിവേദ തന്റെ അഭിമാനനേട്ടം ആരാധകരെ അറിയിച്ചത്.
വടക്ക്-കിഴക്കൻ ടാൻസാനിയയിലാണ് കിളിമഞ്ചാരോ സ്ഥിതി ചെയ്യുന്നത്. ഒരു നിഷ്‌ക്രിയ അഗ്നിപർവതമാണിത്.കിളിമഞ്ചാരോ എന്ന വാക്കിനർത്ഥം 'തിളങ്ങുന്ന മലനിര' എന്നാണ്. കിളിമഞ്ചാരോയിലെ ഏറ്റവും ഉയർന്ന പ്രദേശം ഉഹ്റു കൊടുമുടിയാണ്. 5,895 മീറ്ററാണ് ഇവിടത്തെ ഉയരം. അവിടെ നിന്നുള്ള ചിത്രമാണ് നിവേദ പോസ്റ്റ് ചെയ്തിരിക്കുന്നത്. വെറുതെ ഒരു ഭാര്യയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുളള കേരള സർക്കാരിന്റെ അവാർഡ് നേടിയ താരമാണ് നിവേദ തോമസ്.