ലഹരി പാർട്ടിയെക്കുറിച്ച് അറിഞ്ഞു, എൻ സി ബി നടപടിയെടുക്കേണ്ടെന്ന് തീരുമാനിച്ചെങ്കിലും വാങ്കഡെ പരിശോധനയുമായി മുന്നോട്ട് പോയി; നിർണായക വിവരങ്ങൾ പുറത്ത്

Wednesday 27 October 2021 12:29 PM IST

മുംബയ്: ഒക്ടോബർ രണ്ടിന് രാത്രി മുംബയിലെ ആഡംബര കപ്പലിൽ ആസൂത്രണം ചെയ്ത ലഹരിമരുന്ന് പാർട്ടിയെക്കുറിച്ച് ഡൽഹിയിലെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ ആസ്ഥാനത്തുള്ളവർക്ക് നേരത്തെ വിവരം കിട്ടിയിരുന്നെന്ന് റിപ്പോർട്ടുകൾ. എന്നാൽ കപ്പലിൽ വലിയ രീതിയിൽ മയക്കുമരുന്ന് ഉപയോഗിക്കാൻ സാദ്ധ്യത ഇല്ലാത്തതിനാൽ നടപടികളുമായി മുന്നോട്ട് പോകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് സൂചന.

എൻ സി ബിയുടെ മുംബയ് യൂണിറ്റിന്റെ സോണൽ ഡയറക്ടറും, പാർട്ടിയെക്കുറിച്ച് വിവരം ലഭിക്കുകയും ചെയ്ത സമീർ വാങ്കഡെ തന്റെ ടീമിനൊപ്പം റെയിഡുമായി മുന്നോട്ടുപോവുകയായിരുന്നെന്ന് പേര് വെളിപ്പെടുത്താത്ത ഒരു എൻ സി ബി ഉദ്യോഗസ്ഥൻ പറഞ്ഞു.

എൻ സി ബിയിലെ ഒരു സോണൽ ഡയറക്ടർക്ക് സ്വതന്ത്രമായി പ്രവർത്തനങ്ങൾ നടത്താൻ പൂർണ്ണ സ്വാതന്ത്ര്യമുള്ളതിനാൽ വാങ്കഡെയുടെ നടപടിയിൽ അസ്വാഭാവികത ഒന്നുമില്ലെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറയുന്നു.

കേസിൽ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അടക്കം ഇരുപത് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ആര്യൻ ഖാനെ ലഹരിക്കേസിൽ നിന്ന് ഒഴിവാക്കാൻ ഷാരൂഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ സമീർ വാങ്കഡെയ്‌ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുകയാണ്.

വിജിലൻസ് അന്വേഷണം നടക്കുമ്പോൾ ആര്യൻ ഖാൻ കേസിൽ വാങ്കഡെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത് തുടരുമോ എന്ന് എൻ സി ബി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച വൈകിട്ടോടെ വാങ്കഡെ ഡൽഹിയിലെത്തിയിരുന്നു. ഇന്നലെ അദ്ദേഹം ഡൽഹിയിലെ ആർ കെ പുരത്തെ ഏജൻസിയുടെ ആസ്ഥാനത്ത് എൻസിബിയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

.

Advertisement
Advertisement