ആദ്യം നോ പറഞ്ഞെങ്കിലും, പിന്നെ സമ്മതിച്ചു; പുതിയ വിശേഷം പങ്കുവച്ച് അമ്പിളി ദേവി

Wednesday 27 October 2021 1:01 PM IST

തങ്ങളുടെ വീട്ടിലെ അല്ലെങ്കിൽ അയൽവക്കത്തെ കുട്ടിയായിട്ടാണ് നടി അമ്പിളിദേവിയെ മലയാളികൾ കാണുന്നത്. കഴിഞ്ഞ രണ്ടര വർഷത്തോളമായി അഭിനയ രംഗത്തുനിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു നടി. ഇപ്പോഴിതാ തന്റെ പുതിയ വിശേഷം പങ്കുവച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം.


രണ്ടരവർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു സ്വകാര്യ ചാനലിലെ സീരിയലിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് അമ്പിളി ദേവി. കരുത്തുറ്റ കഥാപാത്രത്തിലൂടെയാണ് തിരിച്ചുവരവെന്ന് ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി വെളിപ്പെടുത്തി.


ഇളയ മോനെ ഗർഭിണിയായപ്പോഴായിരുന്നു നടി അഭിനയ ജീവിതത്തിൽ നിന്ന് ചെറിയ ഇടവേളയെടുത്തത്. 2019 മേയ് മാസത്തിലായിരുന്നു അവസാനം അഭിനയിച്ചത്. പുതിയ സീരിയലിലേക്ക് വിളി വന്നെങ്കിലും ആദ്യം താൻ നോ പറഞ്ഞിരുന്നുവെന്ന് അമ്പിളി ദേവി പറയുന്നു.

'ആദ്യം ഞാൻ നോ പറഞ്ഞെങ്കിലും കഥാപാത്രം ഇഷ്ടമായതിനാലും, കംഫർട്ടായി വർക്ക് ചെയ്യാനുള്ള സാഹചര്യം ഉറപ്പായതിനാലുമാണ് വീണ്ടും അഭിനയിക്കാമെന്ന് സമ്മതിച്ചത്. ഇപ്പോഴത്തെ അവസ്ഥയിൽ കുട്ടികളെ ഒറ്റയ്ക്കാക്കി മാറി നിൽക്കാനാകില്ല. അച്ഛനെയും അമ്മയേയും കുട്ടികളെയും കൂട്ടിയാണ് ഷൂട്ടിംഗിന് പോകുന്നത്. അതിനുള്ള സൗകര്യം സീരിയലിന്റെ അണിയറ പ്രവർത്തകർ ഒരുക്കിത്തന്നിട്ടുണ്ട്.'- നടി പറഞ്ഞു.