മുല്ലപ്പെരിയാർ: ഡാമിന്റെ  സുരക്ഷ  അതിപ്രധാനമെന്ന്   സുപ്രീംകോടതി, ജലനിരപ്പിന്റെ  കാര്യത്തിൽ   മാറ്റം  വേണ്ടെന്ന്  മേൽനോട്ട  സമിതി  

Wednesday 27 October 2021 3:08 PM IST

ന്യൂഡൽഹി:മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ അതിപ്രധാനമെന്ന് സുപ്രീംകോടതി. സുരക്ഷയുടെ കാര്യത്തിൽ 2006 ൽ നിന്ന് ഒരുപാടുകാര്യങ്ങൾ 2021 ൽ മാറിയിട്ടുണ്ടാകുമെന്ന് പറഞ്ഞ കോടതി നിലവിൽ ആശങ്കപ്പടേണ്ടെന്നും പറഞ്ഞു. അതേസമയം, ജലനിരപ്പിന്റെ കാര്യത്തിൽ മാറ്റം വേണ്ടെന്നാണ് മേൽനോട്ട സമതി കോടതിയിൽ ആവശ്യപ്പെട്ടത്. തങ്ങളുടെ ആവശ്യത്തോട് കേരളം വിയോജിച്ചെന്നും സമിതി വ്യക്തമാക്കി. മുല്ലപ്പെരിയാർ കേസ് സുപ്രീം കോടതി പരിണിക്കവേയാണ് സമിതി നിലപാട് അറിയിച്ചത്.

ജലനിരപ്പ് 139 അടിക്ക് താഴെ നിര്‍ത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. മേൽനോട്ട സമതിയുടെ റിപ്പോർട്ടിൽ മറുപടി നൽകാൻ കേരളം കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ ശക്തമായ മഴ പെയ്‌തെന്നും നവംബറിലും ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടെന്നും കേരളം ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ ജലനിരപ്പിൽ ആശങ്ക ഉണ്ടെന്നും സംസ്ഥാനം കോടതിയിൽ വ്യക്തമാക്കി.

ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജലനിരപ്പ് ക്രമീകരിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മേല്‍നോട്ട സമിതി ഇന്നലെ യോഗം ചേര്‍ന്നിരുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് റൂൾ കർവ് അനുസരിച്ച് നിയന്ത്രിക്കുമെന്ന് സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കോടതിയിൽ കേന്ദ്ര ജലകമ്മിഷൻ സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടുപ്രകാരം ഇപ്പോഴത്തെ റൂൾ കർവ് 138 അടിയാണ്. ഈ അളവിൽ ജലനിരപ്പ് എത്തിയാൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്ന് പെരിയാറിലേക്ക് വെള്ളം തുറന്നുവിടും. നിലവിൽ 137.6 അടിയാണ് ജലനിരപ്പ്.