ഡ്യൂട്ടിക്കിടെ തലയിൽ ഫാൻപൊട്ടി വീണു: ഹെൽമറ്റ് വച്ച് പ്രതിഷേധിച്ച് ഡോക്ടർമാർ
Thursday 28 October 2021 12:24 AM IST
ഹൈദരാബാദ്: ഡ്യൂട്ടിക്കിടെ സീലിംഗ് ഫാൻ പൊട്ടിവീണ് സഹപ്രവർത്തകയുടെ തലയ്ക്ക് പരിക്കേറ്റതിൽ പ്രതിഷേധിച്ച് ഹെൽമെറ്റ് ധരിച്ച് ജോലി ചെയ്ത് ജൂനിയർ ഡോക്ടർമാർ.
ഹൈദരാബാദിലെ ഒസ്‌മാനിയ ജനറൽ ആശുപത്രിയിൽ ചൊവ്വാഴ്ചയാണ് സംഭവം. ത്വക്‌രോഗ വിഭാഗത്തിലെ വനിതാ ഡ്യൂട്ടി ഡോക്ടർക്കാണ് ഫാൻ പൊട്ടിവീണതിനെ തുടർന്ന് തലയ്ക്ക് പരിക്കേറ്റത്.
സംഭവത്തിൽ പ്രതിഷേധിച്ച ജൂനിയർ ഡോക്ടർമാരുടെ സംഘം, ആശുപത്രി സൂപ്രണ്ടിനെ കണ്ട് തങ്ങളുടെ ആവശ്യങ്ങളടങ്ങിയ നിവേദനം നൽകി.
ഇത്തരം അപകടങ്ങൾ ആശുപത്രിയിൽ നിത്യസംഭവങ്ങളായി മാറിക്കഴിഞ്ഞെന്നും ഇതുവരെ രോഗികൾക്കോ ജീവനക്കാർക്കോ ഗുരുതര പരിക്ക് ഉണ്ടാകാത്തതിൽ സന്തോഷമുണ്ടെന്നും നിവേദനത്തിൽ പറയുന്നു. എന്നാൽ ഇനിയും ഇത്തരം സംഭവം ഉണ്ടാവുകയും അധികൃതർ ഉത്തരമില്ലാതെ നിൽക്കുകയും ചെയ്യുന്ന സാഹചര്യം അനുവദിക്കാനാകില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.