'ഇന്നല്ലെങ്കിൽ നാളെ പാക് കൈവശമുള‌ള കാശ്‌മീരിന്റെ ഭാഗങ്ങൾ നമ്മുടേതാകും'; കാശ്‌മീർ മുഴുവൻ ഇന്ത്യയുടേതാകാത്തത് ഐക്യരാഷ്‌ട്രസഭ ഇടപെട്ടതുകൊണ്ടെന്ന് എയർ മാർഷൽ അമിത് ദേവ്

Wednesday 27 October 2021 5:33 PM IST

ശ്രീനഗർ: ഐക്യരാഷ്‌ട്രസഭ 1947ൽ ഇടപെട്ടില്ലായിരുന്നെങ്കിൽ മുഴുവൻ കാശ്‌മീരും ഇപ്പോൾ ഇന്ത്യയുടെ ഭാഗമായേനെയെന്ന് വായുസേനയുടെ വെസ്‌റ്റേൺ എയർ കമാന്റ് മേധാവി എയർ മാർഷൽ അമിത് ദേവ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സൈനിക നീക്കത്തിന്റെ 75ാം വാർഷിക ദിനമായ ഇന്ന് കാശ്‌മീർ താഴ്‌വരയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. ഇന്നല്ലെങ്കിൽ നാളെ കാശ്‌മീരിന്റെ ഭാഗങ്ങൾ മുഴുവനും ഇന്ത്യയുടേതാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. വായുസേനയുടെയും കരസേനയുടെയും മാത്രമല്ല മറ്റ് ചെറിയ മിഷനുകളുടെയും വിജയമായിരുന്നു കാശ്‌മീരിനെ ഇന്ത്യ‌യോട് ചേർത്ത സംഭവമെന്നും അമിത് ദേവ് അഭിപ്രായപ്പെട്ടു.

ചീഫ് ഓഫ് ഡിഫൻസ് ‌സ്‌റ്റാഫ് ജനറൽ വിപിൻ റാവത്തും കരസേനാ മേധാവി എംഎം നരവനെയും ഡൽഹി വാർ മെമ്മോറിയലിൽ ഇന്ന് ആദരവർപ്പിച്ചു. 'കാശ്‌മീർ രക്ഷകർ' എന്ന യുദ്ധ സ്‌മാരകം ജമ്മു കാശ്‌മീരിൽ ലഫ്.ഗവർണർ മനോജ് സിൻഹ രാജ്യത്തിന് സമർപ്പിച്ചു. ശ്രീനഗർ എയർപോർട്ടിലാണ് യുദ്ധ സ്‌മാരകം. 1947ൽ ഇന്ത്യൻ സൈന്യം ശ്രീനഗർ വിമാനത്താവളത്തിൽ വന്നിറങ്ങിയതിന്റെ ഓർമ്മയ്‌ക്കായാണ് സ്‌മാരകം പണിതത്.

Advertisement
Advertisement