മോദി തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിൽ, ബിജെപി ഭരണത്തിന്റെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞെന്ന് കെ സുധാകരൻ

Wednesday 27 October 2021 6:36 PM IST

തിരുവനന്തപുരം: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം അന്വേഷിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാനുള്ള സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ. അന്വേഷണം ശരിയായ ദിശയിലാണെങ്കില്‍ മോദിയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞെന്ന് കെ സുധാകരൻ പറഞ്ഞു. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതിയുടെ അന്വേഷണം നേരിടുന്ന രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. തലയില്‍ മുണ്ടിട്ടുകൊണ്ട് മാത്രമേ ഇനി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ പറ്റുകയുളളു' എന്നും സുധാകരന്‍ പരിഹസിച്ചു.

ഫോണ്‍ ചോര്‍ത്തലിന് നേതൃത്വം കൊടുത്ത ആഭ്യന്തര മന്ത്രിയെ പുറത്താക്കാനുള്ള ആര്‍ജവമെങ്കിലും പ്രധാനമന്ത്രി കാണിക്കണം. ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് ഒരു വിശദീകരണം പോലും നല്‍കാന്‍ ഇതുവരെ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. പാര്‍ലമെന്റ് ആഴ്ചകളോളം സ്തംഭിച്ചിട്ടും സര്‍ക്കാരിന് ഒന്നും പറയാനുണ്ടായിരുന്നില്ല.'

കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷൻ രാഹുല്‍ ഗാന്ധിയുടെയും, മറ്റുപത്രിപക്ഷ നേതാക്കളുടേയും, മാധ്യമപ്രവര്‍ത്തകരുടേയും, സുരക്ഷാ സേനയിലെ മുന്‍തലവന്‍മാരുടേയും ഉള്‍പ്പെടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയാണ് എന്‍,​ഡി,​എ അധികാരത്തിലേറിയത്. യഥാര്‍ത്ഥ ജനവിധിക്കു പകരം ഫോണ്‍ ചോര്‍ത്തി കൃത്രിമമായി ഉണ്ടാക്കിയ ജനവിധിയാണ് മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ചതെന്നും സുധാകരന്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ഇന്ത്യ ഏറെ നാള്‍ അകറ്റി നിര്‍ത്തിയിരുന്ന ഇസ്രയേലിന് ചുവന്ന പരവതാനി വിരിച്ചു കൊടുത്തത്. ഇസ്രയേലിന്റെ സയണിസവും നരേന്ദ്ര മോദിയുടെ ഹിന്ദുത്വ,തയും കൈകോര്‍ക്കുകയാണു ചെയ്തത്.

2017ല്‍ ഇസ്രയേല്‍ സന്ദര്‍ശിച്ച ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. തുടര്‍ന്ന് 2018ല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഇന്ത്യ സന്ദര്‍ശിച്ച് സൗഹൃദം ഊട്ടിയുറപ്പിച്ചു. തുടര്‍ന്ന് നികുതിദായകരുടെ ആയിരം കോടി ചെലവിട്ടാണ് പൗരന്‍മാരുടെ രഹസ്യം ചോര്‍ത്താന്‍ പെഗാസസ് സോഫ്റ്റ് വെയര്‍ വാങ്ങിയത്. സ്വതന്ത്രവും നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണത്തിലൂടെ ഇതിന് പിന്നിലെ കറുത്ത ശക്തികളെ കണ്ടെത്തേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും വിദഗ്ധ സമിതിയുടെ അന്വേഷണം അതിനു സഹായകരമാകുമെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.