കണ്ണൂർ കാർബൺ ന്യൂട്രൽ ജില്ല

Thursday 28 October 2021 12:09 AM IST
കാർബൺ ന്യൂട്രൽ ജില്ലാ പദ്ധതിയുടെ ഭാഗമായുള്ള വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവ്വഹിക്കുന്നു

കണ്ണൂർ: ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന കാർബൺ ന്യൂട്രൽ ജില്ലാ പദ്ധതിയുടെ ഭാഗമായുള്ള വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം ചിറക്കൽ രാജാസ് ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവ്വഹിച്ചു. കാർബൺ ന്യൂട്രൽ ജില്ല ലിറ്റിൽ ഫോറസ്റ്റ് ചലഞ്ചിന് പൊതുസമൂഹത്തിൽ വലിയ പിന്തുണയാണ് ലഭിച്ചിട്ടുള്ളതെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള നിരവധി ഗ്രൂപ്പുകൾ ഇതിനായി മുന്നോട്ടു വന്നിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

സ്‌കൂൾ, കോളേജ്, കാവുകൾ, വ്യക്തികൾ എന്നിങ്ങനെ തിരഞ്ഞെടുത്ത 30 ഗുണഭോക്താക്കൾക്ക് 501 തൈകൾ വീതമാണ് വിതരണം ചെയ്തത്. നെല്ലി, സീതപ്പഴം, വീട്ടി, പേര, വേങ്ങ, നീർമരുത്, പ്ലാവ്, മാവ്, ആര്യവേപ്പ്, തേക്ക്, ഉരുപ്പ്, ഞാവൽ എന്നിങ്ങനെ 19 ഇനം വൃക്ഷത്തൈകളാണ് നൽകിയത്. ആദ്യഘട്ടത്തിൽ 30 ചെറുവനങ്ങൾ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. കാസർകോട് സോഷ്യൽ ഫോറസ്ട്രിയിൽ നിന്നാണ് വൃക്ഷത്തൈകൾ എത്തിച്ചത്.

ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ യു.പി. ശോഭ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ വി.കെ സുരേഷ്ബാബു, അഡ്വ. ടി. സരള, ചിറക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. അനിൽകുമാർ, അംഗം കെ. ലത, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എം.പി അനൂപ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രൻ, സയൻസ് പാർക്ക് ഡയറക്ടർ എ.വി. അജയകുമാർ, ചിറക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രശാന്ത്, സ്‌കൂൾ പ്രിൻസിപ്പൽ എ.എസ്. പ്രശാന്ത് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement