മർദ്ദിക്കുന്നുവെന്ന് ഭാര്യ, പൊലീസെത്തിയപ്പോൾ ഹുക്കിൽ പിടയുന്ന ഭർത്താവ്

Wednesday 27 October 2021 9:59 PM IST

  • ജീവൻ രക്ഷിക്കാൻ കഴിഞ്ഞ ആശ്വാസത്തിൽ പൊലീസ്

തൃശൂർ : "അൽപ്പം കൂടെ വൈകിയാൽ ഒരു ജീവൻ നഷ്ടമായേനെ" തൃശൂർ മെഡിക്കൽ കോളേജ് എസ്.ഐ പി.പി. ബാബുവിന്റെ വാക്കുകളാണിത്. കഴിഞ്ഞദിവസം രാത്രിയിലുണ്ടായ അനുഭവം വിവരിച്ചപ്പോൾ വാക്കുകളിൽ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ നെടുവീർപ്പായിരുന്നു എസ്.ഐയ്ക്ക്. തിങ്കളാഴ്ച രാത്രി പട്രോളിംഗ് നടത്തുകയായിരുന്നു, എസ്.ഐ. ബാബുവും സിവിൽ പൊലീസ് ഓഫീസറായ കെ.കെ. ഗിരീഷും.

അപ്പോഴാണ് കൺട്രോൾ റൂമിൽ നിന്ന് കൊളങ്ങാട്ടുകരയിൽ ഭർത്താവ് മദ്യപിച്ചെത്തി മർദിക്കുന്നുവെന്ന വിവരം ലഭിച്ചത്. ഉടനെ അവർ സ്ഥലത്തെത്തി. അവിടെയെത്തിയപ്പോൾ വീടിന് മുന്നിൽ രണ്ട് കുട്ടികളുമായി നിൽക്കുന്ന യുവതിയെ കണ്ടു.

ഭർത്താവ് പൊലീസ് വന്നാൽ തന്നെ കൊന്ന് ജീവനൊടുക്കുമെന്ന് പറഞ്ഞ് മുറിയിൽ കയറി വാതിലടച്ചിരിക്കുകയാണെന്നും യുവതി പറഞ്ഞു. ഇതുകേട്ടതോടെ എസ്.ഐയും പൊലീസുകാരും വീടിനുള്ളിൽ കടന്നു.

വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. ഇതിനിടെയാണ്, സി.പി.ഒ ഗിരീഷ് ജനലിന് സമീപത്തെത്തി മുറിയിലേക്ക് നോക്കുന്നത്. അപ്പോഴാണ് യുവാവ് കഴുത്തിൽ കുരുക്കിടാൻ നിൽക്കുന്ന കാഴ്ച കണ്ടത്. തുടർന്ന് ഇരുവരും ചേർന്ന് വാതിൽ ചവിട്ടിപ്പൊളിച്ചു. ഈ സമയം കുരുക്ക് മുറുകി കണ്ണ് പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു ഇയാൾ. ഉടനെ പൊക്കിപ്പിടിച്ച് കുരുക്കഴിച്ച് നിലത്തിറക്കി. മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിച്ചു. കുരുക്ക് അധികം മുറുകാത്തതിനാൽ വലിയ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. മദ്യപിച്ചെത്തിയാൽ ഭാര്യയെ ഉപദ്രവിക്കുന്നതും അവരുടെ വസ്ത്രങ്ങൾ വലിച്ച് പുറത്തിടുന്നതും പതിവായിരുന്നു.

കൃത്യസമയത്ത് വാതിൽ ചവിട്ടിപ്പൊളിക്കാൻ കഴിഞ്ഞത് രക്ഷാപ്രവർത്തനത്തിന് സഹായിച്ചു. യുവാവിന് മാനസിക പ്രശ്‌നങ്ങൾക്ക് ചികിത്സ നൽകാൻ ബന്ധുക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

പി.പി ബാബു
എസ്.ഐ.

മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ

Advertisement
Advertisement