വെള്ളായണിയുടെ അഴക് കെടുത്തരുത്

Thursday 28 October 2021 12:00 AM IST

നഗരങ്ങളുടെ ശ്വാസകോശങ്ങളാണ് പാർക്കുകളെന്ന് പറയാറുണ്ട്. പഴയ കാലത്ത് തുറന്ന സ്ഥലങ്ങൾ ധാരാളമുണ്ടായിരുന്നു. ഇന്നിപ്പോൾ അതെല്ലാം ചുരുങ്ങിപ്പോയി. തിരുവനന്തപുരത്തെ ഏറ്റവും പ്രകൃതിമനോഹരമായ സ്ഥലങ്ങളിലൊന്നാണ് വെള്ളായണി. കള്ളിച്ചെല്ലമ്മ എന്ന സിനിമ കണ്ടാലേ വെള്ളായണിയുടെ യഥാർത്ഥ ചന്തം തിരിച്ചറിയാനാവൂ. ആ പഴയ വെള്ളായണി അവഗണനയുടെയും നോട്ടക്കുറവിന്റെയും ഫലമായി ശോഷിച്ച് ശ്വാസം മുട്ടുന്ന അവസ്ഥയിലായിരിക്കുകയാണ്. കാർഷിക കോളേജിനുള്ള പാടശേഖരത്തിൽ മാതൃകാപരമായി കൃഷിയിറക്കി നെൽക്കൃഷിയെ പരിപോഷിപ്പിക്കേണ്ടതായിരുന്നു. തിരുവനന്തപുരം നഗരത്തിന് ആവശ്യമായ പച്ചക്കറി മുഴുവൻ ഇവിടെ ഉത്‌പാദിപ്പിക്കാമായിരുന്നു. ഇപ്പോൾ കാർഷിക കോളേജ് വക സ്ഥലം വെള്ളം കയറികിടക്കുകയാണ്. നഗരവാസികൾ പണം നല്‌കി തമിഴ്‌നാട്ടിൽ നിന്നുള്ള വിഷമടിച്ച പച്ചക്കറി വാങ്ങി ഭക്ഷിക്കുന്നത് ശീലമാക്കി മാറ്റുകയും ചെയ്തിരിക്കുന്നു. കിരീടം പാലവും തിലകൻ റോഡും സിനിമാ - സീരിയൽ ലൊക്കേഷനുകളാണ്. ആഫ്രിക്കൻ പായലിന്റെയും കുളവാഴയുടെയും അമിത വളർച്ചയും അവഗണനയും കാരണം വെള്ളായണി കായൽ അനുദിനം നശിച്ചുകൊണ്ടിരിക്കുകയാണ്. ഈ ദുരവസ്ഥയ്ക്ക് തങ്ങളാലാവുന്ന പരിഹാരം കാണാൻ വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് മുന്നോട്ട് വന്നതിനെ അഭിനന്ദിക്കേണ്ടതാണ്. ശുദ്ധജല തടാകവും നഗരത്തിലെ പ്രധാന കുടിവെള്ള സ്രോതസുകളിൽ ഒന്നുമായ വെള്ളായണി കായലിനെ സംരക്ഷിക്കാൻ പഞ്ചായത്ത് ജനകീയ കൂട്ടായ്‌മ രൂപീകരിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി കായലിന് ചുറ്റും സൈക്കിൾപാത നിർമ്മിക്കുക, പ്രഭാത - സായാഹ്ന സഞ്ചാരികൾക്കായി ഹരിതവീഥി നിർമ്മിക്കുക തുടങ്ങി നിരവധി നല്ല കാര്യങ്ങൾ അവർ ആലോചിക്കുന്നു. കല്ലിയൂർ പഞ്ചായത്തും ചില പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്.

കഴിഞ്ഞ രണ്ട് വർഷമായി വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കായലിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നെങ്കിലും ലോക്ക്‌ഡൗൺ കാലത്ത് വീണ്ടും കുളവാഴയും മറ്റ് മാലിന്യങ്ങളും നിറഞ്ഞു. രാഷ്ട്രീയ കാരണങ്ങളാലും പലപ്പോഴും വെള്ളായണി അവഗണിക്കപ്പെട്ടിട്ടുണ്ട്. കോവളം മണ്ഡലത്തിലാണ് വെള്ളായണി ഉൾപ്പെടുന്നത്. ഭരണകക്ഷിയിൽപ്പെട്ട പ്രതിനിധിയല്ല ഇവിടെ നിന്ന് ജയിക്കുന്നതെങ്കിൽ അതിന്റെ പേരിലും അവഗണന ഉണ്ടാകാറുണ്ട്. രാഷ്ട്രീയത്തിലുപരി ഈ സ്ഥലത്തിന്റെ പ്രകൃതിദത്തമായ മനോഹാരിത ജനങ്ങൾക്കെല്ലാം ഒരുപോലെ അവകാശപ്പെട്ടതാണ്. പഞ്ചായത്ത് മാത്രം വിചാരിച്ചാൽ വെള്ളായണിയെ പൂർണമായും സംരക്ഷിക്കാനാകില്ല. ടൂറിസം വകുപ്പും ഇതിനായി പദ്ധതികൾ തയ്യാറാക്കണം. പദ്ധതിക്ക് ചെലവാകുന്ന പണം പല മാർഗങ്ങളിലൂടെ അവിടെനിന്ന് തന്നെ തിരിച്ചുപിടിക്കാനാവും. വിദേശ രാജ്യങ്ങളിലൊക്കെ അങ്ങനെയാണ് പല സ്ഥലങ്ങളും മോടിപിടിപ്പിക്കുന്നതും സംരക്ഷിക്കുന്നതും. വെള്ളായണി ആ രീതിയിൽ നവീകരിച്ചാൽ നഗരത്തിലെ ഒരു വലിയ ഉദ്യാനത്തിന്റെ കുറവാകും പരിഹരിക്കപ്പെടുക. നഗരവാസികൾ മാത്രമല്ല അന്യസ്ഥലങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾ വരെ വെള്ളായണി കാണാനെത്തും. കൊവിഡ് നമ്മളെ പഠിപ്പിച്ച പാഠങ്ങളിലൊന്ന് ഓക്സിജൻ ലഭിക്കുന്ന തുറസായ സ്ഥലങ്ങൾ നഗരങ്ങൾക്ക് അനിവാര്യമാണെന്നതാണ്. കൊവിഡ് അനന്തര വികസന പദ്ധതികളുടെ കൂട്ടത്തിൽ വെള്ളായണിയെയും ഉൾപ്പെടുത്താൻ ആസൂത്രകർ തയ്യാറാകണം. നഗരത്തിന്റെ മുഖം മിനുക്കുമെന്ന് വെറുതെ പ്രസംഗിച്ചതുകൊണ്ട് കാര്യമില്ല. ഇത്തരം പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കി കാണിക്കണം.

Advertisement
Advertisement