എം.കെ.സാനു : വിദ്യാർത്ഥികളുടെ അഭിമാനഭാജനം

Thursday 28 October 2021 12:00 AM IST

വിദ്യാർത്ഥികളുടെ ഹൃദയത്തിലേക്ക് എങ്ങനെയാണ് ഗുരുനാഥന്മാർ നടന്നുകയറുന്നതെന്ന് ബോദ്ധ്യപ്പെടുത്തുന്ന ധാരാളം അദ്ധ്യാപകരുണ്ടായിരുന്ന ഒരു കാലം. പ്രത്യേകിച്ചും കലാ-സാഹിത്യ വിഷയങ്ങളിൽ. സുകുമാർ അഴീക്കോട്,​ എം.എൻ. വിജയൻ,​ കെ.പി.അപ്പൻ,​ നബീസ ഉമ്മാൾ... ആ നിര നീളുന്നു. ഈ ഗുരുനിരയ്ക്ക് മുന്നിലൂടെ ചിരിതൂകി,​ കാറ്റും വെളിച്ചവുമായി കടന്നുവന്ന സാനുമാഷിന്റെ ക്ലാസിലിരിക്കുമ്പോൾ 'ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം' എന്ന ജീവചരിത്രം വായിച്ചതിന്റെ അഭിനിവേശത്തിലായിരുന്നു മറ്റ് പി.ജി വിദ്യാർത്ഥികളെപ്പോലെ ഞാനും. പ്രൊഫ. ശിവപ്രസാദിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന കൊല്ലം ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ എം.എയ്ക്ക് പഠിപ്പിക്കാൻ പ്രഗല്‌ഭർ മാത്രമാണുണ്ടായിരുന്നത്. പ്രൊഫ. എം.കെ.സാനു,​ പ്രൊഫ.ആദിനാട് ഗോപി,​ പ്രൊഫ. നബീസ ഉമ്മാൾ,​ പ്രൊഫ.കെടാകുളം കരുണാകരൻ,​ പ്രൊഫ. കുമ്മിൾ സുകുമാരൻ,​ ഡോ. പത്മറാവു,​ ശ്രീവത്സൻ എന്നിവരാണ് മലയാളം പഠിപ്പിച്ചിരുന്നത്.

മഹാകവി കുമാരനാശാന്റെ 'നളിനി' യാണ് സാനുമാഷ് പഠിപ്പിച്ചത്. സന്തതം, മിഹിരന്, ആത്മശോഭയും, സ്വന്തമാം, മധു കൊതിച്ച, വണ്ടിനും, ചന്തമാർന്ന്, അരുളി നില്ക്കും, ഓമലേ, ഹന്ത! ധന്യം, ഇഹ, നിന്റെ ജീവിതം- എന്നിങ്ങനെ ഓരോ പദവും വിഭജിച്ച് അർത്ഥം സ്ഫുടമാകുന്ന വിധം ഈണത്തിൽ പറഞ്ഞ് ആശയം വിവരിക്കുമ്പോൾ മഹാകവി കൺമുന്നിൽ നില്ക്കുന്ന അനുഭവം.

നളിനിയിലെ മറ്റൊരു വിഖ്യാത ശ്ലോകമായ - എന്റെ, ഏകധനം, അങ്ങ്, ജീവനങ്ങ്, എന്റെ ഭോഗമത്, എന്റെ മോക്ഷവും, എന്റെ ഈശ!, ദൃഢം, ഈ, പദാംബുജത്തിന്റെ, സീമ, അതുപോകിൽ, ഇല്ല ഞാൻ- എന്നത് വിശദീകരിക്കുമ്പോൾ അനുരാഗത്തിന്റെ നവ്യമായ ഒരു ആത്മീയലോകം തുറന്നിട്ടുണ്ടാവും. സാനു മാഷ് കവിത പഠിപ്പിക്കുന്നതിന്റെ വശ്യത അന്ന് ഒരു വർഷം സീനിയറായിരുന്ന ഡോ.കെ.എം. വേണുഗോപാൽ കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിന്റെ ഏകാന്തരാവുകളിലിരുന്ന് അനുകരിച്ച് കേൾപ്പിക്കുന്നതും മാഞ്ഞുപോകാത്ത ഓർമ്മയാണ്. അദ്ധ്യാപകന്റെ സാന്നിദ്ധ്യം സാഹിത്യ, സാംസ്കാരിക ബോധത്തെയും അഭിരുചിയെയും എത്രമാത്രം ആഴത്തിലാണ് സ്വാധീനിക്കുന്നത്! അങ്ങനെ ഒരനുഭവം അതിനുമുമ്പ് കിട്ടിയിട്ടുള്ളത് കൊല്ലം എസ്.എൻ. കോളേജിൽ കെ.പി. അപ്പന്റെ ക്ലാസിലിരിക്കുമ്പോഴാണ്. തീർത്തും വ്യത്യസ്തമാണ് ഇരുവരുടെയും അദ്ധ്യാപനരീതി. അപ്പൻസാറിന്റെ ക്ലാസ് ക്ലാസിക് സംഗീതം പോലെയാണ്. സാനുമാഷുടേത് ക്ലാസിക് കവിത കേൾക്കും പോലെയും.

വന്ദ്യഗുരുനാഥന് ഇന്നലെ 95-ാം പിറന്നാളായിരുന്നു.

ശിഷ്യരും സ്നേഹിതരുമെല്ലാം ചേർന്ന് വലിയ ആഘോഷം പ്ലാൻ ചെയ്തിരുന്നെങ്കിലും കൊവിഡ് മാരി തടസംനിന്നു. രോഗം ഭേദമായി വിശ്രമിക്കുന്ന മാഷിന് ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു. അതിനിടെ മാസ്ക് വയ്ക്കാതെ പ്രസംഗിച്ചതിന് ഏതോ പൊലീസുകാരൻ 1000 രൂപ പെറ്റിയടിച്ചതിന്റെ കുറിപ്പടി വീട്ടിലെത്തിച്ചു. സാനുമാഷിന് പൊലീസ് വക പിറന്നാൾ സമ്മാനം!

1928 ഒക്ടോബർ 27ന് ആലപ്പുഴ തുമ്പോളിയിലെ അതീവ സമ്പന്നമായ കൂട്ടുകുടുംബത്തിൽ ജനിച്ച എം.കെ.സാനു, അകാലത്തിൽ അച്ഛൻ മരിച്ചതോടെ ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും നിഴലിലായി. അതിന്റെ കയ്പുനീർ കുടിച്ചാണ് യൗവനം പിന്നിട്ട് സാഹിത്യ സാസ്കാരിക മണ്ഡലത്തിൽ നിറഞ്ഞത്. 1987ൽ എറണാകുളം മണ്ഡലത്തിൽനിന്ന് മത്സരിച്ച് ഇടതുപക്ഷ എം.എൽ.എയുമായി. കോളേജ് വിദ്യാർത്ഥിയായിരിക്കെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് ജയിലിലായ സാനു മടങ്ങിവരുമ്പോൾ ഏറ്റവും ഇഷ്ടമുള്ള അടയുമായാണ് അമ്മ കാത്തിരുന്നത്. അത് കഴിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മ പറഞ്ഞു: നിനക്കുവേണ്ടി മാത്രമാണ് ഞാൻ ജീവിക്കുന്നത് എന്ന ഓർമ്മവേണം. മാതൃത്വം ഭൂമിയിലെ ഏറ്റവും ദിവ്യമായ സങ്കല്പങ്ങളിലൊന്നാണെന്നും അത് വലിയ ജീവിതയാഥാർത്ഥ്യമാണെന്നും തിരിച്ചറിയുകയായിരുന്നു കൗമാരം പിന്നിട്ട സാനു.

കുട്ടിക്കാലത്ത് വീടിനടുത്തുള്ള വാടത്തോട് എന്ന ചെറുതോടിനരികിലൂടെ നടന്നുപോകുമ്പോൾ കണ്ട ചോര തളംകെട്ടിയ ചുവന്ന പാടും പില്‌ക്കാലത്ത് പലവിധത്തിൽ നടന്ന കൊലപാതകങ്ങളും അതിനിരയായവരുടെ അമ്മയെക്കുറിച്ച് ചിന്തിച്ച് വ്യസനിക്കാനാണ് എം.കെ.സാനുവിനെ പ്രേരിപ്പിച്ചത്. സാനുമാഷ് തന്നെ പലപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ നിസഹായതയും ശോകവുമാണ് അദ്ദേഹത്തിന്റെ അടിസ്ഥാന ഭാവം. അതിൽനിന്ന് രൂപപ്പെട്ട സാഹിത്യ രചനകളാകട്ടെ നിലാവിന്റെ ചാരുതയും പ്രഭാതത്തിന്റെ ഊഷ്മളതയും സമ്മാനിക്കുന്നവയാണ്. ജീവചരിത്രം എഴുതുമ്പോഴാണ് എം.കെ.സാനുവിന്റെ തൂലിക ഭാഷയുടെ സകല വശ്യതയും ആവാഹിച്ചുകൊണ്ട് വിമർശനകലയുടെ വേറിട്ട മുഖം സുവ്യക്തമാക്കുന്നത്. സാനുമാഷ് എഴുതിയ ചങ്ങമ്പുഴയുടെ ജീവചരിത്രം കവിയുടെ വ്യക്തിത്വത്തെയും കവിതയെയും കവി നേരിട്ട ആശയസംഘർഷങ്ങളെയും ആഴത്തിൽ വിശകലനം ചെയ്യുന്നു. ജീവിതസന്ദർഭങ്ങൾ വിശകലനംചെയ്യുന്ന കൃതിയുടെ ഒന്നാം അദ്ധ്യായം തുടങ്ങുന്നതിങ്ങനെ: 1946ൽ ചങ്ങമ്പുഴയുടെ ഹൃദയം കലുഷമായിരുന്നു. ഒന്നുകിൽ ആത്മനിന്ദ, അല്ലെങ്കിൽ ലോകവിദ്വേഷം.- ഈ രണ്ടു ഭാവങ്ങളും ആ ഹൃദയത്തിൽ മാറ്റമാറി ആധിപത്യം പുലർത്തിപ്പോന്നു. കുറച്ചുകാലമായി അനുഭവിക്കാൻതുടങ്ങിയ അസ്വാസ്ഥ്യം ഈ ഘട്ടത്തിൽ അതിന്റെ പരകോടിയിൽ എത്തിയെന്നു പറയാം. ഞരമ്പുകൾ വലിഞ്ഞുനില്ക്കുന്ന അവസ്ഥ.

വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചെഴുതിയ 'ഏകാന്തവീഥിയിലെ അവധൂതനും' പി. കെ. ബാലകൃഷ്ണനെക്കുറിച്ചെഴുതിയ 'ഉറങ്ങാത്ത മനീഷി'യുമെല്ലാം സവിശേഷരീതിയാണ് പിന്തുടർന്നത്. നാം അതുവരെ വായിക്കുകയും കേൾക്കുകയും ചെയ്തിരുന്ന ജീവചരിത്രങ്ങളെയാകെ നിഷ്പ്രഭമാക്കുന്ന രചനാതന്ത്രമാണ് അദ്ദേഹം ആവിഷ്കരിച്ചത്. സർഗ്ഗാത്മകതയുടെ മഷിനിറച്ച വിമർശനകലയുടെ തൂലികകൊണ്ടെഴുതിയ ജീവചരിത്രങ്ങളാണ് അവയോരോന്നും. ചിന്തയുടെ അസ്വാസ്ഥ്യം ഏറ്റെടുക്കാൻ വിധിക്കപ്പെട്ടവനാണ് എഴുത്തുകാരൻ എന്ന കാര്യത്തിൽ എം.കെ.സാനുവിന് സംശയമുണ്ടായിരുന്നില്ല. 'ജീവിതവും ലോകവും മാത്രമല്ല, ചുറ്റുപാടുമുണ്ടാകുന്ന ദൈനംദിന സംഭവങ്ങളും എഴുത്തുകാരനിൽ പ്രശ്നമായി, പ്രശ്നപരിഹാരത്തെ സംബന്ധിക്കുന്ന ചിന്തയായി എപ്പോഴും വർത്തിക്കുന്നു. സ്വന്തമായി പദവികളോ നേട്ടങ്ങളോ ഉണ്ടാക്കുന്നതിനുവേണ്ടി സാധാരണ മനുഷ്യർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ എഴുത്തുകാരൻ തനിക്ക് പിടികിട്ടാത്ത സമസ്യകളുമായി മല്പിടിത്തത്തിലേർപ്പെട്ടു വിഷമിക്കേണ്ടതായിവരുന്നു. ചിന്തയുടെ നീറ്റലനുഭവിക്കാതെ കഴിയുന്ന നിമിഷങ്ങൾ അവനു കുറവായിരിക്കും. അതറിഞ്ഞുകൊണ്ടാണ് കേസരി എ.ബാലകൃഷ്ണപിള്ള എഴുത്തുകാരെപ്പറ്റി ‘വിഷംതീനികൾ’ എന്നു പറഞ്ഞത്. ലോകത്തിനു വേണ്ടിയോ ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുന്നതിനു വേണ്ടിയോ നിരന്തരം വിഷംതിന്നുകൊണ്ടിരിക്കുക എന്ന വിധി ഒരു ശാപം പോലെ എഴുത്തുകാരനെ അലട്ടുന്നു എന്നും എം.കെ.സാനു രേഖപ്പെടുത്തിയിട്ടുണ്ട്.

സി.ജെ. തോമസിനെക്കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ: 'അവാർഡുകളുടെ അനുഗ്രഹം ഏറ്റുവാങ്ങിയില്ല. പുസ്തകങ്ങൾ പ്രകാശിപ്പിച്ചെങ്കിലും കാര്യമായ പ്രചാരമുണ്ടായില്ല. പ്രസംഗങ്ങളിലും പ്രസ്താവനകളിലും കൂടി പത്രങ്ങളിൽ സ്ഥാനം പിടിച്ചില്ല. ഇങ്ങനെ 'സുപ്രസിദ്ധരായ' സാഹിത്യകാരന്മാരുടെ പദവി അലങ്കരിക്കാൻ തുനിയാതെയാണ് സി.ജെ.തോമസ് 42-ാമത്തെ വയസിൽ ലോകത്തോടു വിടപറഞ്ഞത്. അതിനുശേഷം ലോകത്തിലും സാഹിത്യത്തിലും മാറ്റങ്ങൾ പലതുണ്ടായി. വീക്ഷണത്തിലും അഭിരുചിയിലുമുണ്ടായ മാറ്റങ്ങൾ വളരെ വലുതാണ്. മരണശേഷം അരനൂറ്റാണ്ടോളമായെങ്കിലും ചിന്തിക്കുന്ന മനസുകളിൽ സി.ജെ.തോമസ് ഇപ്പോഴും ജീവിക്കുന്നു. ഗൗരവബുദ്ധിയോടുകൂടി ജീവിതത്തെ കാണുന്നവരിൽ അസ്വാസ്ഥ്യം സൃഷ്ടിക്കുന്നു. അദ്ദേഹത്തിന്റെ കാലത്ത് അംഗീകാരവും പ്രശസ്തിയും ധാരാളമായി സമ്പാദിച്ചു വിരാജിച്ചവരധികവും വിസ്മൃതരായിരിക്കുന്നു.'

സങ്കീർണമായ വ്യക്തിത്വമാണ് ബഷീറിന്റേതെന്ന തിരിച്ചറിവിലൂടെയാണ് അദ്ദേഹത്തിന്റെ ജീവചരിത്രരചനയിലേക്ക് എംകെ. സാനു പ്രവേശിക്കുന്നത്. 'ഉപരിതലത്തിൽ കാണുന്ന കുസൃതികൾക്കും തമാശകൾക്കും പിന്നിൽ ധാരാളം നന്മയും ആത്മീയതയും ശക്തിയും കാരുണ്യവും ബഷീറിൽ സജീവമായിരുന്നു. അതുകൊണ്ടുതന്നെ, സമൂഹം കൊണ്ടാടുന്ന സദാചാരബോധത്തിൽ അദ്ദേഹം വിശ്വസിച്ചിരുന്നില്ല. അദ്ദേഹത്തിൽ ഒരു നിഷേധിയുണ്ടായിരുന്നു. ‘അനർഘനിമിഷം’ എന്ന പുസ്തകത്തിലെ ‘അനൽ ഹഖ്‌’ വായിക്കുന്നവർക്ക്‌ ആ നിഗൂഢമനസിലേക്ക്‌ എത്തിനോക്കാൻ കഴിഞ്ഞേക്കും. ആ ആന്തരികലോകം ഒരാളെ ഏകാകിയാക്കുന്നു. ‘ഏകാന്തതയുടെ അപാരതീരം’ എന്തെന്ന്‌ അയാൾക്കേ അനുഭവിച്ചറിയാൻ സാധിക്കൂ.' അതുകൂടി അറിയാൻ ശ്രമിച്ചുകൊണ്ടാണ്‌ സംഭവങ്ങൾ തിരഞ്ഞെടുത്തു വിന്യസിച്ചിട്ടുള്ളതെന്നും എം.കെ. സാനു രേഖപ്പെടുത്തിയിട്ടുണ്ട്.

പാശ്ചാത്യ-പൗരസ്ത്യമീമാംസകളെ മൗലികമായ സമീപനംകൊണ്ട് വിളക്കിയെടുത്താണ് സ്വതസിദ്ധവും ഏകാന്തവശ്യവുമായ ഒരു ഭാഷയും നിരൂപണമാർഗ്ഗവും എം.കെ.സാനു സൃഷ്ടിച്ചത്. കലാസൃഷ്ടകളെ അതിന്റെ രചയിതാവിന്റെ ആന്തരിക യാഥാർത്ഥ്യങ്ങളെക്കൂടി അപഗ്രഥിച്ച് വിശകലനം ചെയ്യുന്നതിലായിരുന്നു എം.കെ. സാനുവിന് കൂടുതൽ താത്പര്യം. അതിൽ അദ്ദേഹം ഏകാന്തപഥികനുമായി. ഭാഷ എത്രയും സൗമ്യവും ദീപ്തവുമാക്കാൻ എപ്പോഴും സാനുമാഷ് ശ്രദ്ധിച്ചിരുന്നു. അതിന്റെ വജ്രകാന്തിയാണ് ഓരോ രചനയിലും അനുഭവവേദ്യമാകുന്നത്. ആദരപൂർവം സാനുമാഷിന് ആയിരം ജന്മദിനാശംസകൾ.

Advertisement
Advertisement