നാടിനെ നടുക്കിയ അരുംകൊല പ്രതിയെ കുടുക്കി പൊലീസ്

Thursday 28 October 2021 11:40 PM IST

പത്തനംതിട്ട : കൊലപാതകക്കേസുകൾ തെളിയിക്കപ്പെടുന്നതിൽ പല ഘടകങ്ങളും നിർണായകമാണ്. സാക്ഷിമൊഴികൾ, സാഹചര്യത്തെളിവുകൾ, ശാസ്ത്രീയ പരിശോധനാഫലങ്ങൾ അങ്ങനെ പലതും. പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ സൂക്ഷ്മ നിരീക്ഷണവും തെളിവ് ശേഖരണത്തിലെ ജാഗ്രതയും കുറ്റകൃത്യത്തിലെ നിർണായക തെളിവുകൾ കണ്ടെത്താൻ സഹായിച്ചപ്പോൾ,​ കുറ്റാന്വേഷണത്തിൽ വിദഗ്ദ്ധനായ പൊലീസ് ഓഫീസർ ആ തെളിവുകളിലൂടെ സഞ്ചരിച്ച് കുറ്റവാളിയിലേക്ക് എത്തിച്ചേർന്നതാണ് തടിക്കച്ചവടക്കാരനായ കോട്ടാങ്ങൽ പുളിമൂട്ടിൽ വീട്ടിൽ നസീറെന്ന (നെയ്‌മോൻ-39) അറസ്റ്റിന് വഴിവച്ചത്.

ഒറ്റനോട്ടത്തിൽ

തൂങ്ങിമരണം

2019 ഡിസംബർ 15നാണ് പത്തനംതിട്ട കോട്ടാങ്ങൽ പുല്ലാനിപ്പാറയിലെ കാമുകന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പഠനകാലത്തേ പ്രണയത്തിലായിരുന്നെങ്കിലും വീട്ടുകാരുടെ എതിർപ്പിൽ വിവാഹം നടക്കാതെ പോയ ഇരുവരും ജീവിത പങ്കാളികളെ ഉപേക്ഷിച്ചാണ്‌ ഒരുമിച്ച് താമസം തുടങ്ങിയത്‌. സംഭവത്തിന് ആറുമാസം മുമ്പ് യുവതി ഒരുദിവസം കാമുകന്റെ വീട്ടിലെത്തി താമസം ആരംഭിക്കുകയായിരുന്നു.

കാമുകനും അയാളുടെ പിതാവും ചേർന്ന് കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നായിരുന്നു യുവതിയുടെ പിതാവിന്റെ ആരോപണം. മകൾ കാമുകനൊപ്പം താമസിക്കുന്നതിൽ പിതാവിന് തുടക്കം മുതലേ എതിർപ്പുണ്ടായിരുന്നു. ആറ് മാസത്തിന് ശേഷം മകളെ മരിച്ചനിലയിൽ കണ്ടതോടെ കാമുകൻ കൊലപ്പെടുത്തിയതാണെന്നായി യുവതിയുടെ വീട്ടുകാരുടെ വിശ്വാസം. ഇത് സംബന്ധിച്ച്

യുവതിയുടെ പിതാവിന്റെ പരാതിയിൽ ലോക്കൽ പൊലീസ് കാമുകനെ ചോദ്യംചെയ്തു. കാമുകനെ പ്രതിസ്ഥാനത്ത് നിർത്തിയ പെരുമ്പെട്ടി എസ്.ഐ. ക്രൂരമായി മർദ്ദിച്ചെന്നും ആരോപണമുയർന്നു. മർദ്ദനത്തിൽ എസ്.ഐയ്ക്കെതിരെ പരാതിയായതോടെ യുവതിയുടെ മരണത്തെപ്പറ്റിയുള്ള അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവനന്തപുരത്ത് നിന്ന് സ്ഥലം മാറിയെത്തിയ ഡിവൈ.എസ്.പി പ്രതാപൻനായർ കേസ് അന്വേഷണം ഏറ്റെടുത്തു.

വഴിത്തിരിവായി

ഡോക്ടറുടെ വൈദഗ്ദ്ധ്യം

ഏതൊരുകേസിലുമെന്നപോലെ യുവതിയുടെ മരണത്തിലും പോസ്റ്റുമോർട്ടം റിപ്പോർട്ടും കേസിലെ മൊഴികളുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ആദ്യം പരതിയത്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളിലുൾപ്പെടെ മൃതദേഹത്തിൽ കാണപ്പെട്ട 50 ലധികം മുറിവുകളും പരിക്കുകളും സംശയത്തിനിടയാക്കി. പോസ്റ്റുമോർട്ടം നടപടികളുടെ ഭാഗമായി യുവതിയുടെ രഹസ്യഭാഗങ്ങളിൽ നിന്ന് ശേഖരിച്ച സ്രവത്തിന്റെയും നഖത്തിന്റെയും രണ്ട് വീതം സാമ്പിളുകൾ ശേഖരിച്ച ഡോക്ടർ,​ ഇവ ഒരേസമയം ഫോറൻസിക് ലാബിലും കെമിക്കൽ ലാബിലും പരിശോധനയ്ക്കായി അയച്ചു. ഫോറൻസിക് ലാബിലെ പരിശോധനാഫലങ്ങൾ നെഗറ്റീവ് റിസൾട്ടായിരുന്നെങ്കിലും കെമിക്കൽ ലാബിൽ നിന്ന് നിർണായകമായ ഫല സൂചനകൾ പൊലീസിന് ലഭിച്ചു. യുവതിയുടെ നഖത്തിനടിയിൽ നിന്ന് ലഭിച്ച രണ്ട് ടിഷ്യൂകളിൽ ഒന്ന് കൊലയാളിയുടേതായിരുന്നു. സംശയനിഴലിലുള്ളവരുടെ രക്ത സാമ്പിളുകൾ ശേഖരിച്ച പൊലീസ് ഡി.എൻ.എ പരിശോധനയിലൂടെയാണ് കൊലയാളിയിലേക്ക് എത്തിയത്.

അന്വേഷണം

നസീറിലേക്ക്

യുവതിയുടെ നഖത്തിനടിയിൽ നിന്ന് ശേഖരിച്ച ഡി.എൻ.എ. സാമ്പിളുകളിൽ ഒന്ന് കാമുകന്റെ സാമ്പിളുമായി ചേരുന്നതായിരുന്നു. എന്നാൽ,​ മറ്റൊരു സാമ്പിൾ കാമുകന്റെയോ പിതാവിന്റെയോ സാമ്പിളുമായി ചേരുന്നതായിരുന്നില്ല. ഇതോടെ കെമിക്കൽ ലാബിലെ ഉദ്യോഗസ്ഥർ ക്രൈംബ്രാഞ്ചിനെ വിവരമറിയിച്ചു. സംശയമുള്ള കൂടുതൽപേരുടെ രക്തസാമ്പിളുകൾ ശേഖരിക്കാൻ നിർദേശിച്ചു. തടിക്കച്ചവടക്കാരനായ നസീർ, കാമുകന്റെ പിതാവ്, പൊൻകുന്നത്തേക്ക് പോയ ഓട്ടോയുടെ ഡ്രൈവർ തുടങ്ങിയവരുടെ സാമ്പിളുകളാണ് ശേഖരിച്ചത്. ഇവയെല്ലാം പരിശോധനയ്ക്ക് അയച്ചതോടെ യുവതിയുടെ നഖത്തിനിടയിലെ ഡി.എൻ.എ. നസീറിന്റേതാണെന്ന് കണ്ടെത്തി. ഇതോടെ നസീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു.

മദ്യം വാങ്ങാനാണ് യുവതിയുടെ കാമുകന്റെ വീട്ടിൽ പോയതെന്നും ബൈക്കിൽ നിന്നിറങ്ങിയില്ലെന്നും അപ്പോൾ തന്നെ തിരിച്ചുവന്നെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ,​ അന്നേദിവസം നസീറിനെ വീട്ടിൽ കണ്ടവരുടെ മൊഴികൾ നിരത്തിയപ്പോൾ ഇയാൾക്ക് പിടിച്ചുനിൽക്കാനായില്ല. തുടർന്ന് പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു.

ബോധമറ്റപ്പോൾ

മരിച്ചെന്ന് കരുതി

കാമുകനും പിതാവും പോയതോടെ വീട്ടിൽ യുവതി മാത്രമാണുള്ളതെന്ന് നസീർ മനസിലാക്കിയിരുന്നു. പറമ്പിൽനിന്ന് വീട്ടിലേക്ക് കയറിവന്ന ഇയാൾ മുൻവാതിൽ അടഞ്ഞുകിടക്കുന്നത് കണ്ട് അടുക്കളഭാഗത്തേക്ക് പോയി. അടുക്കളഭാഗത്ത് കൂടി വീട്ടിനുള്ളിൽ കയറി യുവതിയെ കടന്നുപിടിച്ചു. യുവതി ചെറുത്തുനിന്നതോടെ പിടിവലിയായി. തുടർന്ന് കട്ടിലിലേക്ക് തള്ളിയിട്ടു. കട്ടിലിൽ തലയിടിച്ച് യുവതി ബോധരഹിതയായി. പിന്നാലെ യുവതിയുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

തുടർന്നും ബോധം വീണ്ടെടുക്കാതായതോടെ യുവതി മരിച്ചെന്ന് കരുതി. തുടർന്ന് മുറിയിലുണ്ടായിരുന്ന തുണി ഉപയോഗിച്ച് യുവതിയെ കെട്ടിത്തൂക്കുകയായിരുന്നു. ഈ സമയത്താണ് യുവതിയുടെ മരണം സംഭവിച്ചത്.

Advertisement
Advertisement