നനഞ്ഞുനീറി ദീപാവലി പടക്കം

Thursday 28 October 2021 1:16 AM IST

ആലപ്പുഴ: ദീപാവലി ആഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ പടക്കവിപണി നനയുന്നു. കാലാവസ്ഥ പ്രതികൂലമായതും ദീപാവലി ആഘോഷങ്ങൾക്ക് ജില്ലയിൽ കാര്യമായ പ്രതികരണമില്ലാത്തതുമാണ് പടക്ക വ്യാപാരികളെ പ്രതിസന്ധിയിലാക്കിയത്. പ്രമുഖ വ്യാപാര സ്ഥാപനങ്ങളിൽ പോലും ദീപാവലി പ്രമാണിച്ച് പുതിയ സ്റ്റോക്കെടുത്തിട്ടില്ല.

മിച്ചമിരിക്കുന്ന പടക്കങ്ങൾ വിൽപ്പന നടത്താനാണ് വ്യാപാരികളുടെ തീരുമാനം. സാധാരണ വിഷുക്കാലത്ത് നടക്കുന്നതിന്റെ പകുതി കച്ചവടമേ ദീപാവലി സീസണിൽ ലഭിക്കാറുള്ളൂ. ജില്ലയിൽ താമസക്കാരായ ഉത്തരേന്ത്യക്കാരും ദീപാവലി ആഘോഷത്തിനെത്തുന്ന വിനോദ സഞ്ചാരികളുമാണ് പടക്കം വാങ്ങുന്നവരിലേറെയും.

പൊതുവേ, സീസൺ ഐറ്റം എന്തെന്നറിയാൻ വ്യാപാരികൾ ശിവകാശിയിലെയും നോർത്ത് പറവൂരിലെയും പടക്ക നിർമ്മാണ ശാലകളിൽ വിളിക്കുകയും ഓർഡർ നൽകുകയും ചെയ്യേണ്ട സമയമാണിത്. കഴിഞ്ഞ വർഷവും പുതിയ സ്റ്റോക്ക് എടുക്കാതിരുന്നതിനാൽ ഭീമമായ നഷ്ടം ഒഴിവാക്കാനായി. മിച്ചം വരുന്നവ നശിപ്പിക്കുക പ്രയാസമാണ്. ഉപയോഗിക്കാതെ ഇരിക്കുന്തോറും കരിമരുന്ന് തണുത്ത് നശിക്കും.

തൊഴിലാളികൾ പ്രതിസന്ധിയിൽ

ഉത്സവസീസണിൽ മൊത്തക്കച്ചവടക്കാരിൽ നിന്ന് പടക്കം വാങ്ങി കച്ചവടം നടത്തുന്ന ധാരാളം ചെറുകിട കച്ചവടക്കാരുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം മുതൽ ഇവർക്കും സീസൺ നഷ്ടമായി.

""

പൊതുവേ ദീപാവലി സീസൺ ജില്ലയിൽ മോശമാണ്. കച്ചവടം നടക്കാതെ പടക്കം നശിച്ചാൽ വലിയ നഷ്ടം നേരിടേണ്ടിവരും. ഇത് മുന്നിൽ കണ്ടാണ് ഇത്തവണയും സ്റ്റോക്ക് എടുക്കേണ്ടെന്ന് തീരുമാനിച്ചത്.

വേലായുധൻ നായർ ആൻഡ് സൺസ്,

പടക്ക വ്യാപാര കേന്ദ്രം

Advertisement
Advertisement