നൂറിൽ താഴാതെ ഇന്ധനവില: പോക്കറ്റിൽ കൈയിട്ട് കൊള്ള!

Saturday 30 October 2021 12:00 AM IST

ആലപ്പുഴ: ഇന്ധനവില സെഞ്ചുറി നിരക്കിൽ തുടരുന്നത് മൂലം സാധാരണക്കാരന്റെ പോക്കറ്റ് കീറുന്നു. കൊവിഡ് വരുത്തിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ഇനിയും കരകയറാൻ സാധിക്കാത്തവരെ പിഴിയുന്ന തീവെട്ടിക്കൊള്ളയാണ് നടക്കുന്നതെന്ന് ജനം പ്രതികരിക്കുന്നു.

വായ്പാ തിരിച്ചടവുകളും സി.സിയുമടക്കം മുടങ്ങി നിൽക്കുന്ന പശ്ചാത്തലമാണ്. വില കൂടുന്നത് ഉപഭോക്താക്കളുടെ എണ്ണത്തെയും ബാധിക്കുന്നുണ്ടെന്ന് പമ്പുടമകൾ പറയുന്നു. പലരും സ്വകാര്യ വാഹനങ്ങളോട് താത്കാലിക വിട പറഞ്ഞ് പൊതുഗതാഗതത്തെ ആശ്രയിക്കുകയാണ്.

പെട്രോൾ - ഡീസൽ

ഒക്ടോബർ 20 - 107.78 - 100.88രൂപ

21 - 106.78 - 100.52

22 - 107.91 - 101.62

23 - 108.08 - 101.82

24 - 108.71 - 102.45

25 - 108.35 - 102.11

26 - 108.24 - 102.01

27 - 109.17 - 102.92

28 - 109.05 - 102.85

""

നിയന്ത്രണങ്ങൾ അയഞ്ഞതോടെ വ്യവസായം പുരോഗതിയിലേക്ക് വരുകയാണ്. ഇപ്പോഴത്തെ ഇന്ധനവില കൊള്ള വീണ്ടും സ്വകാര്യ ബസ് മേഖലയെ തളർത്തും. പല ബസുകളും ഇനിയും നിരത്തിലിറങ്ങിയിട്ടില്ല.

പി.ജെ.കുര്യൻ,

സ്വകാര്യ ബസ് ഓണേഴ്സ് അസോ.

""

ദിവസം മുഴുവൻ ഓടിയാലും 500 രൂപ തികച്ച് ലഭിക്കുന്നില്ല. കിട്ടുന്നത് ഇന്ധനച്ചെലവിന് മാത്രമേ തികയൂ. ഡീസലിന് 58 രൂപ വിലയുണ്ടായിരുന്ന സമയത്തെ മീറ്റർ ചാർ‌ജാണ് ഇപ്പോഴും ഈടാക്കുന്നത്.

ശിവദാസൻ,

ഓട്ടോറിക്ഷ തൊഴിലാളി

""

ജനുവരിയിൽ പുതുക്കിയ എഗ്രിമെന്റ് പ്രകാരം ഡീസലിന് 80 രൂപ നിരക്കിലാണ് ചരക്ക് ലോറി സർവീസ് നടത്തുന്നത്. ആനുപാതികമായി സർവീസ് ചാർജ് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും കോൺട്രാക്ടർമാക്കും കത്ത് നൽകി.

ഒ.അഷ്റഫ്, ലോറി ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ്

ആൻഡ് ക്ലീനേഴ്സ് യൂണിയൻ

""

മുമ്പ് കുട്ടികളെ ഇരുചക്രവാഹനത്തിലാണ് സ്കൂളിലെത്തിച്ചിരുന്നത്. ഇപ്പോഴത്തെ ഇന്ധനനിരക്കിൽ എങ്ങനെ യാത്ര ചെയ്യുമെന്ന് ആശങ്കയുണ്ട്. ബഡ്ജറ്റ് താളം തെറ്റി.

ലിജ, വീട്ടമ്മ

Advertisement
Advertisement