സഭയിൽ നിറഞ്ഞ് മുല്ലപ്പെരിയാർ

Saturday 30 October 2021 12:00 AM IST

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നത് ഇടുക്കിയിലെ കുമളിയിലാണെങ്കിലും അത് ഇന്നലെ നിറഞ്ഞൊഴുകിയത് നിയമസഭയിലാണ്. അടിയന്തരപ്രമേയം പോലും മാറ്റിവെച്ച് സബ്മിഷനുകൾ നാലെണ്ണത്തിലൊതുക്കി ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് നിസ്ക്കാരത്തിന് മുമ്പ് പൂട്ടാനുള്ള മുന്നൊരുക്കങ്ങളോടെ ചേർന്ന സഭയിൽ മൂന്ന് ബില്ലുകളാണ് പരിഗണിച്ചത്. എല്ലാം ധനവകുപ്പും നികുതിയുമായും ബന്ധപ്പെട്ടവ. പക്ഷെ സംസാരിച്ചവർക്കെല്ലാം ഇഷ്ടവിഷയം മുല്ലപ്പെരിയാറായിരുന്നു. വർഷങ്ങൾക്ക് ശേഷം മുല്ലപ്പെരിയാർ തുറന്ന ദിവസമായത് കൊണ്ടാകാം ഇത്. മുല്ലപ്പെരിയാർ നിറയുന്നതിന് സ്പീക്കറും കാര്യമായ തടസമൊന്നും ഉണ്ടാക്കിയില്ല. എന്നാൽ സഭയിലെ നവാഗതനായ ശ്രീനിജന് ഇതത്ര പന്തിയായി തോന്നിയില്ല. ബിൽ ചർച്ചയിൽ വിഷയത്തിൽ ഒതുങ്ങി സംസാരിക്കണമെന്നല്ലേ ചട്ടമെന്ന് കഴിഞ്ഞമാസം സ്പീക്കർ സമാജികർക്കു നൽകിയ ക്ളാസിലെ പാഠങ്ങളോർത്ത് അദ്ദേഹം പറഞ്ഞു. എന്നാൽ 'മുല്ലപ്പെരിയാറിനെ ഒാർത്ത് കറുത്ത ഷർട്ടുമിട്ട് കേരള ദു:ഖത്തിന്റെ ഒരു കറുത്ത പൊട്ടുപോലിരിക്കുകയല്ലേ' എന്നുപറഞ്ഞ്, മുല്ലപ്പെരിയാർ സംസാരിച്ചുകൊണ്ടിരുന്ന തിരുവഞ്ചൂർ ശ്രീനിജന് ഷട്ടറിട്ടു. എതിർവാദങ്ങളാകട്ടെ ക്ളാസിൽ ശ്രീനിജൻ പഠിപ്പിച്ചിട്ടുമില്ല. സർക്കാർ നിയമപരമായും രാഷ്ട്രീയപരമായും ഇൗ വിഷയത്തിൽ പരാജയപ്പെട്ടെന്ന് കെ.ബാബു പറഞ്ഞപ്പോൾ ഭരണപക്ഷത്തുനിന്നുള്ള എതിർപ്പ് കൂടി.

ബാബുവിന് തടയണ തീർക്കാൻ സ്പീക്കർ ഒരു ശ്രമം നടത്തിയെങ്കിലും 'ഇൗ വെള്ളം അങ്ങനെ ഒഴുകിപോയ്ക്കോട്ടെ സർ'. എന്നുപറഞ്ഞ് ബാബു അത് മുക്കി. സഭയിൽ വാദങ്ങളും പ്രതിവാദങ്ങളും ഉദ്ധരണികളും ന്യായങ്ങളുമെല്ലാം പറയുന്ന അംഗങ്ങളെ കോടതിയിലും മുല്ലപ്പെരിയാർ മേൽനോട്ടസമിതിയിലും കൊണ്ടുപോയിരുന്നെങ്കിൽ സുപ്രീംകോടതിയും തമിഴ്നാടും എത്രയോ മുമ്പേതന്നെ കേരളത്തിന് മുന്നിൽ അടിയറവ് പറയുമായിരുന്നെന്ന് തോന്നും.

മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും വെറുതെ ജനങ്ങളിൽ ഭീതിയുണ്ടാക്കുന്നവരെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസ്താവനയാണ് എല്ലാ കുഴപ്പങ്ങളും ഉണ്ടാക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. തമിഴ്നാട് ഇത് അവർക്ക് അനുകൂലമായി സുപ്രീം കോടതിയിൽ ഉപയോഗിച്ചു. കേരളത്തിന് അന്തിമവിധിയിൽ തിരിച്ചടിയുമായി. ഇത്രയുമായപ്പോൾ വെറുതെ മുഖ്യമന്ത്രിയെ കുറ്റംപറയരുതെന്ന് പറഞ്ഞുകൊണ്ട് നിയമമന്ത്രി പി.രാജീവ് എഴുന്നേറ്റു. മുഖ്യമന്ത്രി പറഞ്ഞത് വിഷയം തെറ്റായി ഉപയോഗിച്ച് കേരളവും തമിഴ്നാടും തമ്മിൽ സംഘർഷമുണ്ടാക്കി മുതലെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെയാണ്. മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ സർക്കാരിനും ഇടതുമുന്നണിക്കും ഒരു വ്യക്തതക്കുറവുമില്ല. കേരളത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയുമില്ല.142അടിയിൽ നിന്ന് 139.5അടിയിലേക്ക് താഴ്ത്തികൊണ്ടുവരാനായത് നേട്ടമല്ലേ.രാജീവ് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ പരാമർശത്തെ ചൊല്ലി ഒരുവേള മന്ത്രി രാജീവും മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിൽ വാക്പോര് വരെയുണ്ടായി. മുല്ലപ്പെരിയാറിനെ സംബന്ധിച്ച കേരളത്തിനെതിരായ രണ്ട് സുപ്രീംകോടതി വിധികളുമുണ്ടായത് യു.ഡി.എഫ്. ഭരണകാലത്താണെന്ന് മന്ത്രി രാജീവ് പറഞ്ഞു. 2006ൽ ഡാമിന്റെ ഉയരം കൂട്ടാനും 2014ൽ ജലനിരപ്പ് 142 അടിയാക്കാനും. ഇപ്പോൾ കേരളത്തിന്റെ താത്‌പര്യം കണക്കിലെടുത്ത് ജലനിരപ്പ് കുറയ്ക്കുകയാണുണ്ടായത്. എന്നാൽ താൻ ഭരണത്തിലിരുന്നപ്പോൾ മുല്ലപ്പെരിയാർ ഒരു വിഷയമായിട്ടില്ലായിരുന്നുവെന്നും അല്ലെങ്കിൽ ഇൗ ഇൻഫെക്ച്വസ് ആയ കരാർ റദ്ദാക്കാൻ ഇടപെടുമായിരുന്നെന്നും തിരുവഞ്ചൂർ രാധാകൃഷ്ണനും അവകാശപ്പെട്ടു. തമിഴ്നാടുമായി യോജിച്ച് പ്രശ്നം പരിഹരിക്കാമെന്ന മുഖ്യമന്ത്രിയുടെ തോന്നൽ ഡിപ്ളോമസി ഫൂളിഷ്‌നെസാണ് എന്നതിലും അദ്ദേഹത്തിന് സംശയമില്ല. ഡാം മുതൽ കടലുവരെ മനുഷ്യച്ചങ്ങലയുണ്ടാക്കാൻ നേതൃത്വം നൽകിയ രാജീവ് നിയമമന്ത്രിയായപ്പോൾ സർ സി.പി.മുതൽ ഉമ്മൻചാണ്ടിവരെ മുല്ലപ്പെരിയാറിൽ എടുത്ത നിലപാടാണ് ഇല്ലാതാക്കിയതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

അംഗങ്ങളെല്ലാം ബില്ലു തൊടാതെ ചർച്ചയിൽ കാടുകയറിയപ്പോൾ അഭിഭാഷകനായ മാത്യുകുഴൽനാടൻ ഒൗചിത്യത്തോടെ നികുതിപിരിവിലെ പാകപ്പിഴകളും വീഴ്ചകളും നിരത്തി വ്യത്യസ്തനായി. കടംപെരുകി കേരളത്തിൽ ജനിക്കുന്ന കുട്ടിപോലും കടക്കാരാനാകുന്നതിലെ ആശങ്കയും അദ്ദേഹം മറച്ചുവെച്ചില്ല.

പതിവ് പോലെ ഭരണകക്ഷിയംഗങ്ങൾ കേരളം വിട്ട് അന്താരാഷ്ട്ര കാര്യങ്ങൾ നിരത്തി. ക്യൂബയേയും ചെക്കോസ്ളോവാക്യയേയും പറ്റി പറഞ്ഞില്ലെങ്കിലും നന്ദകുമാർ സംസാരിച്ചത് അമേരിക്കയിലെന്താണ് സംഭവിച്ചതെന്നാണ്. ട്രംപ് പോയി ബൈഡൻ വന്നപ്പോൾ അദ്ദേഹത്തിന് ദ്വിമുഖപദ്ധതി പ്രഖ്യാപിക്കേണ്ടിവന്നില്ലേ, ആഗോളതലത്തിൽ മുതലാളിത്തം പ്രതിസന്ധിയിലാണന്നല്ലേ ഇത് കാണിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ വേണം കേരളത്തിലെ നികുതിപിരിവിലെ കുറവ് ആലോചിക്കാൻ. കടം വാങ്ങുന്നത് തെറ്റാണെന്ന് പറയുന്നവർ അതിലെ മാനുഷിക വശത്തെക്കുറിച്ച് ആലോചിക്കണമെന്ന് വി.എസ്.ജയലാലും പറഞ്ഞു. ഏതായാലും ബില്ലുകളെക്കുറിച്ച് അധികം ആക്ഷേപമൊന്നും ഉന്നയിക്കാതിരുന്നതിനാൽ ചർച്ചയ്ക്ക് മറുപടി പറയാൻ മന്ത്രി ബാലഗോപാലിന് അധികം മെനക്കെടേണ്ടിവന്നില്ല. കൃത്യം 12.30ഒാടെ സഭ തീർത്ത് അംഗങ്ങൾ മടങ്ങി.

സഭ പിരിയുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ആശ്വാസമാകുന്ന ഒരു റൂളിംഗും സ്പീക്കർ എം.ബി.രാജേഷ് നടത്തി. സതീശനെതിരെ പി.വി.അൻവർ ഉന്നയിച്ച ആക്ഷേപങ്ങൾ സഭാരേഖയിൽ നിന്ന് ഒഴിവാക്കണമെന്ന സതീശന്റെ അഭ്യർത്ഥന അംഗീകരിച്ചതാണത്. എന്തെല്ലാം വിമർശനങ്ങൾ പറഞ്ഞാലും കേരള നിയമസഭ പരസ്പര സഹകരണത്തിനും പ്രതിപക്ഷ ബഹുമാനത്തിനും രാജ്യത്തിന് മാതൃക തന്നെയെന്ന് വീണ്ടും തെളിയിച്ചു.

Advertisement
Advertisement