ഡ്യൂപ്പ് വേണ്ടാത്ത ആക്‌ഷൻ ഹീറോ, വേർപാട് അവിശ്വസനീയം

Saturday 30 October 2021 12:57 AM IST
ജോളി ബാസ്റ്റിൻ പുനിത് രാജ്കുമാറിനൊപ്പം

വിശ്വസിക്കാനാവാത്ത മരണം. ദൈവം വല്ലാത്ത ക്രൂരതയാണ് അദ്ദേഹത്തോട് കാട്ടിയത്. ആക്‌ഷൻ സംവിധായകൻ എന്ന നിലയിൽ കുറെ ചിത്രങ്ങളിൽ അദ്ദേഹത്തോടൊപ്പം ജോലി ചെയ്‌തു. അടുത്ത സൗഹൃദമുണ്ടായിരുന്നു. അദ്ദേഹം നിർമ്മിച്ച് ഒടുവിൽ റിലീസ് ആയ ഫ്രഞ്ച് ബിരിയാണി എന്ന ചിത്രത്തിലും ആക്‌ഷൻ ഞാനായിരുന്നു.

അങ്ങേയറ്റം മാന്യൻ. ഇത്രയും വലിയ ആളാണെന്ന് ഒരിക്കലും തോന്നാത്ത രീതിയിൽ എളിമയോടെയാണ് ഇടപെട്ടിരുന്നത്. സിനിമയോട് അദ്ദേഹം കാണിച്ച അഭിനിവേശവും ആത്മാർത്ഥതയും അദ്ഭുതകരമാണ്.

പുനീതിന്റെ ചിത്രങ്ങളിലെ ആക്‌ഷൻ രംഗങ്ങളിൽ ഡ്യൂപ്പുകൾ ആവശമില്ലായിരുന്നു. റെയ്സായാലും ജംപ് ആയാലും അദ്ദേഹം റിസ്ക് എടുത്ത് സ്വന്തമായി ചെയ്യും. ആക്‌ഷൻ സംവിധായകനെ ബുദ്ധിമുട്ടിക്കില്ല. കളരി അടക്കം ആയോധന മുറകളിലെല്ലാം വൈദഗ്ദ്ധ്യം നേടിയിരുന്നതിനാൽ ആക്‌ഷൻ രംഗങ്ങൾ കൃത്യതയോ‌ടെ ചെയ്‌തിരുന്നു.

മലയാള സിനിമകളെക്കുറിച്ചും വലിയ മതിപ്പായിരുന്നു പുനിതിന്. മലയാള സിനിമകൾ ചിത്രീകരിക്കുന്ന വിധവും അതിനായെടുക്കുന്ന ക്ഷമയും കലാബോധവുമൊക്കെ മാതൃകാപരമാണെന്ന് പറഞ്ഞിട്ടുണ്ട്. മലയാളികളെയും ഏറെ ഇഷ്‌ടപ്പെട്ടിരുന്നു. മലയാളികൾ കഠിനാദ്ധ്വാനികളും അർപ്പണബോധമുള്ളവരുമാണെന്ന് പറയും.

സ്വന്തമായി സംവിധാനം ചെയ്യുന്ന ലോക്ക്ഡൗണിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലിക്കിടെയാണ് ഞെട്ടിക്കുന്ന വാർത്ത കേട്ടത്. ജിമ്മിൽ ഒരുപാട് നേരം വർക്ക് ഔട്ട് ചെയ്തയായി പറയുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചെന്നാണ് അറിഞ്ഞത്. വ്യക്തിപരമായും സിനിമാ ലോകത്തിനും വലിയ നഷ്ടം. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

(തെന്നിന്ത്യയിലെ പ്രമുഖ സ്റ്റണ്ട് മാസ്റ്ററും കന്നഡ സിനിമാ-പരസ്യ സംവിധായകനുമാണ് ലേഖകൻ)

Advertisement
Advertisement