പരിശോധന പേരിലൊതുക്കി ഭക്ഷ്യസുരക്ഷാവകുപ്പ്, വ്യാജ വെളിച്ചെണ്ണയിൽ തെന്നിവീഴരുതേ....

Sunday 31 October 2021 12:39 AM IST

കോട്ടയം : ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന പേരിൽ ഒതുങ്ങിയതോടെ വിപണി കീഴടക്കി വ്യാജ വെളിച്ചെണ്ണ. പരാതി ഉയരുമ്പോൾ അധികൃതർ പരിശോധന നടത്തും. പല വമ്പന്മാരും കുരുങ്ങും. എന്നാൽ തൊട്ടടുത്ത ദിവസം പുത്തൻ പേരിൽ വീണ്ടും രംഗത്തെത്തുന്നതാണ് കണ്ടുവരുന്നത്. വിപണിയിൽ ഉപഭോക്താക്കളെ ആകർഷിക്കുന്ന തരത്തിൽ വ്യത്യസ്തമായ ബോട്ടിലുകളിലും മറ്റുമാണ് വെളിച്ചെണ്ണയുടെ വരവ്. ജില്ലയിൽ നൂറിൽ താഴെ മില്ലുകളാണുള്ളത്. ഇതിൽ പകുതിയും പ്രവർത്തനരഹിതമാണ്. കർഷകന്റെ കൈയ്യിൽ നിന്നല്ല മില്ലുകൾ കൊപ്ര വാങ്ങുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന എണ്ണ, കൊപ്ര, തേങ്ങ എന്നിവയാണ് ഉപയോഗിക്കുന്നത്. നിലവിൽ വിപണിയിൽ ലഭ്യമാകുന്ന വെളിച്ചെണയ്ക്ക് ശുദ്ധമായ വെളിച്ചെണ്ണയുടെ സുഗന്ധമില്ല. പ്രദർശിപ്പിച്ചിരിക്കുന്ന നമ്പരുകളിൽ ബന്ധപ്പെട്ടാൽ പലപ്പോഴും ലഭിക്കാറില്ലെന്നും ഉപഭോക്താക്കാൾ പറയുന്നു. 220 രൂപയാണ് എണ്ണയുടെ വില. കൊപ്രയ്ക്ക് 110 രൂപ വരെ മാർക്കറ്റ് വില ഉണ്ട്. എന്നാൽ ഇതിന്റെ ഗ്രേഡ്തിരിച്ച് വില നൽകുമ്പോൾ കർഷകന് ലഭിക്കുന്നത് 90 രൂപയാണ്. ജില്ലയിൽ എണ്ണ ആട്ടുന്നതിന് ആവശ്യമായ കൊപ്ര ലഭിക്കുന്നത് കടുത്തുരുത്തി, വൈക്കം മേഖലകളിൽ നിന്നും മലബാർ മേഖലകളിൽ നിന്നുമാണ്.

കാൻസർ പരത്തും ലിക്വിഡ് പാരഫിൻ

ലിറ്ററിന് 60 രൂപ വിലയുള്ള ലിക്വിഡ് പാരാഫിൻ എന്ന രാസ പദാർത്ഥത്തിൽ നാളികേരത്തിന്റെ ഫ്ളേവർ ചേർത്താണ് വ്യാജ വെളിച്ചെണ്ണ നിർമ്മിക്കുന്നത്. മധുര, കോയമ്പത്തൂർ, ബാംഗ്ളൂർ തുടങ്ങിയിടങ്ങളിലെ വൻകിട മരുന്നു നിർമ്മാണ ശാലകളിൽ നിന്നും ഉപയോഗ്യ ശൂന്യമായ ലിക്വിഡ് പാരഫിൻ ലഭിക്കും. ഇവ ത്വക്ക് രോഗങ്ങൾക്ക് പുറമേ മാത്രം പുരട്ടാൻ ഉപയോഗിക്കുന്നതാണ്. പാരഫിൻ ഉള്ളിൽ ചെന്നാൽ കുടൽ കാൻസർ ഉൾപ്പെടെ നിരവധി രോഗങ്ങൾ പിടിപെടുവാനുള്ള സാദ്ധ്യതയുണ്ട്.

വ്യാജ വെളിച്ചണ്ണ വിതരണത്തിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കണം. അന്യസംസ്ഥാനത്ത് നിന്ന് എത്തുന്ന വെളിച്ചെണ്ണ ചെക്ക് പോസ്റ്റിലും പരിശോധിക്കണം.

സുരേഷ്, ഉപഭോക്താവ്

Advertisement
Advertisement