ക്ളച്ച് പിടിക്കാതെ സ്കൂളുകളിലേയ്ക്ക് കെ.എസ്.ആർ.ടി.സി

Sunday 31 October 2021 12:00 AM IST

കോട്ടയം: ഉയർന്ന വാടക കൊടുക്കാൻ പാങ്ങില്ലാത്തതിനാൽ ജില്ലയിൽ കെ.എസ്.ആർ.ടി.സി ബസ് വാടകയ്ക്ക് എടുക്കുന്നതിൽ വിദ്യാലയങ്ങൾ പച്ചക്കൊടി കാട്ടുന്നില്ല. ആദ്യം ചില സ്കൂളുകളും കോളേജുകളും ഉൾപ്പെടെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും താത്പര്യം കാട്ടിയെങ്കിലും നിരക്ക് കൂടിയതിനാൽ പിന്മാറി. സ്‌കൂൾ തുറക്കാൻ ഒരു ദിവസം മാത്രം ശേഷിക്കുമ്പോഴും ഇക്കാര്യത്തിൽ തീരുമാനമായില്ല. വിരലിൽ എണ്ണാവുന്ന സ്‌കൂളുകൾ പി.ടി.എ യോഗം ചേർന്ന് ആലോചിച്ച ശേഷം മറുപടി നൽകാമെന്ന് ഡിപ്പോ അധികൃതരെ അറിയിച്ചിട്ടുണ്ട്. കോട്ടയം, ചങ്ങനാശേരി, പാലാ, ഈരാറ്റുപേട്ട, വൈക്കം, പൊൻകുന്നം ഡിപ്പോകളിൽ നിന്നാണ് സ്‌കൂൾ അധികൃതരെ ബന്ധപ്പെട്ട് പുതിയ സംവിധാനത്തെക്കുറിച്ച് ഉദ്യോഗസ്ഥർ അറിയിച്ചത്. നിത്യവും നൽകേണ്ടിവരുന്ന ഭാരിച്ച വാടക പ്രതികൂലഘടകമായി സ്‌കൂൾ അധികൃതർ ചൂണ്ടിക്കാട്ടുന്നു. നേരത്തെ 10 കിലോമീറ്റർ മുതലുളള നിരക്കാണ് കെ.എസ്.ആർ.ടി.സി അറിയിച്ചിരുന്നത്. പിന്നീട് തിരുത്തി മിനിമം 100 കിലോമീറ്റർ എന്ന് തീരുമാനിച്ചതോടെ ആദ്യം താത്പര്യം കാട്ടിയ സ്കൂളുകൾ ഒഴിവായി. 20 - 30 കിലോമീറ്റർ ചുറ്റളവിൽ മാത്രം ഓട്ടം പോകേണ്ട സ്‌കൂളുകൾ ഉണ്ട്. ആദ്യ തീരുമാനപ്രകാരം അവർക്ക് അനുകൂലമായ നിരക്കിൽ ഓടാൻ കഴിയുമായിരുന്നു. പിന്നീട് അതു മാറ്റി കുറഞ്ഞത് 100 കിലോമീറ്റർ വരെ ഓടാൻ 7500 രൂപ എന്ന നിരക്ക് തീരുമാനിച്ചതാണ് സ്‌കൂളുകൾക്ക് താങ്ങാൻ കഴിയാത്ത നിലയിൽ എത്തിച്ചത്. പരമാവധി 40 കുട്ടികളെയാണ് ബസിൽ പ്രവേശിപ്പിക്കുക. ശനി, ഞായർ അവധി കണക്കിലെടുത്ത് 20 ദിവസത്തെ അദ്ധ്യയന ദിനങ്ങൾക്കായി 7500 രൂപ പ്രകാരം 1.50 ലക്ഷം രൂപ മുൻകൂർ അടയ്ക്കണം.

ഡിപ്പോ അടിസ്ഥാനത്തിൽ സ്കൂൾ അധികൃതരുമായി സംസാരിച്ചിരന്നു. ആരിൽ നിന്നും അനുകൂല പ്രതികരണമുണ്ടായില്ല

-കെ.എസ്.ആർ.ടി.സി ആധികൃതർ

പ്രതിദിന വാടകയിങ്ങനെ

100 കി.മീ വരെ : 7500 രൂപ

101-120 കി.മീ : 8000 രൂപ

121-140 കി.മീ : 8500 രൂപ

141-160 കി.മീ : 9000 രൂപ

Advertisement
Advertisement