കിട്ടാനില്ല വിറകും, അടുപ്പ് എങ്ങനെ പുകയും!
കോട്ടയം: പാചകവാതക വില കുതിച്ചുയർന്നതോടെ അടുപ്പിലേക്ക് മാറാനുള്ള വീട്ടമ്മമാരുടെ ശ്രമത്തിന് തിരിച്ചടിയായി വിറക് ക്ഷാമവും. ഉണങ്ങിയ വിറകിന്റ ക്ഷാമവും അധിക വിലയുമാണ് പ്രതിസന്ധി. തുടർച്ചയായി ഉണ്ടാകുന്ന മഴ വിറക് ഉണങ്ങുന്നതിന് തടസമായി. മിക്ക വീടുകളിലും വിറക് ശേഖരിച്ച് വയ്യ്ക്കുന്നതിനുള്ള സ്ഥലപരിമിതിയുമില്ല. മുൻ കാലങ്ങളിൽ 50 രൂപയിൽ താഴെ കിട്ടിയിരുന്ന റബറിന്റ ഒരു കെട്ട് വിറകിന് ഇപ്പോൾ 90 രൂപ കൊടുക്കണം. രണ്ട് രൂപയ്ക്ക് ലഭിച്ചിരുന്ന കീറിയ വിറകിന് ഇപ്പോൾ അഞ്ചു രൂപ കൊടുക്കണം. മില്ലുകളിൽ കിട്ടുന്ന പൊറോട്ട് വിറകിന് ആറു രൂപ വരെയാണ് ഈടാക്കുന്നത്. തെങ്ങ് കൃഷിയിലുണ്ടായ ഇടിവ് മൂലം ചൂട്ട് ഓല, കൊതുമ്പ് എന്നിവയും ലഭിക്കാതായി. മണ്ണണയുടെ ലഭ്യതയും ഇല്ലാതായി.
ഒന്നര വർഷമായി കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം ആയതിനാൽ ഭക്ഷണം ഉൾപ്പെടെ പാകം ചെയ്യുന്നതിൽ സമയം ഉണ്ടായിരുന്നു. സ്‌കൂൾ തുറക്കുന്നതോടെ പ്രഭാത ഭക്ഷണം ഉൾപ്പെടെയുള്ളവ തയ്യാറാക്കുന്നതിന് അമിതമായ പാചകവാതകം ഉപയോഗിക്കേണ്ടി വരും. ഇത് കുടുംബ ബഡ്ജറ്റ്, സമയം എന്നിവയുടെ താളം തെറ്റിക്കും.
സ്മിത, വീട്ടമ്മ
ജില്ലയിൽ എല്ലായിടത്തും കെട്ടുവിറക് ലഭ്യമാകുന്നുണ്ടെങ്കിലും ഉണങ്ങിയ വിറകുകൾക്ക് ക്ഷാമം നേരിടുന്നു. പാമ്പാടി, മണർകാട്, മണിമല മേഖലകളിലാണ് കെട്ടുവിറക് കൂടുതലായി ലഭിക്കുന്നത്. റേഷൻകട വഴി അധിക മണ്ണണ ലഭ്യമാക്കണം.
എബി ഐപ്പ്, ജില്ലാ ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം