കണ്ണീരണിഞ്ഞ് കർണാടക, പുനീതിന്റെ സംസ്കാരം ഇന്ന്

Saturday 30 October 2021 5:36 PM IST

ബംഗളൂരു: അന്തരിച്ച കന്നഡ സൂപ്പർ ‌താരം പുനീത് രാജ്കുമാറിന്റെ സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകിട്ട് ഏഴിന് നടക്കും. അമേരിക്കയിലുള്ള മൂത്ത മകൾ വന്ദിത എത്തുന്നതിന് നേരിട്ട കാലതാമസവും മറ്റ് തടസ്സങ്ങളും മൂലമാണ് ഇന്നലെ നടക്കേണ്ടിയിരുന്ന സംസ്കാരം ഇന്നത്തേയ്ക്ക് മാറ്റിയത്. അച്ഛൻ രാജ്കുമാറിന്റെയും അമ്മ പാർവതമ്മയുടേയും ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയിലാണ് സംസ്കാരം നടക്കുക. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമെ ചടങ്ങിൽ പ്രവേശനം അനുവദിക്കൂ. മൃതദേഹം പൊതുദർശനത്തിന് വച്ച കണ്ഠീരവ സ്റ്റേഡിയത്തിലേക്ക് പ്രമുഖരടക്കം ലക്ഷക്കണക്കിനാളുകളാണ് എത്തിയത്. തെലുങ്ക് സൂപ്പർതാരങ്ങളായ ജൂനിയർ എൻ.ടി.ആർ, ബാലകൃഷ്ണ, പ്രഭുദേവ എന്നിവർ കണ്ണുനീരോടെയാണ് ആദരാഞ്ജലി അർപ്പിച്ചത്. കണ്ഡീരവ സ്റ്റുഡിയോയിലേക്ക് വിലാപയാത്രയായാണ് മൃതദേഹം കൊണ്ടുപോവുക. കനത്ത പൊലീസ് സുരക്ഷാ വലയത്തിലാണ് ബംഗളൂരു നഗരവും കണ്ഡീരവ സ്റ്റേഡിയവും. കർണാടകയിൽ ഇന്നലെ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. മരണവാർത്ത പുറത്തുവന്നതോടെ ആരാധകരിൽ ചിലർ അക്രമാസക്തരായിയിരുന്നു. ബസ്സുകൾ തല്ലിത്തകർക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയതോടെ ബംഗളൂരു നഗരത്തിൽ 6000 പൊലീസ് ഉദ്യോഗസ്ഥരെയും 40 കെ.എസ്.ആർപി പ്ലാറ്റൂണുകളെയും സിറ്റി ആംഡ് റിസർവിനേയും,​ ആർ.എ.എ.ഫിനേയും വിന്യസിച്ചിട്ടുണ്ട്.  പുനീതിന്റെ മരണം: മൂന്ന് ആരാധകർ മരിച്ചു പുനീത് രാജ്കുമാറിന്റെ വിയോഗത്തിൽ മനംനൊന്ത് ആരാധകൻ ആത്മഹത്യ ചെയ്തു. രണ്ട് പേർ ഹൃദയാഘാതം മൂലം മരിച്ചു. ബലഗാവി സ്വദേശി രാഹുലാണ് ആത്മഹത്യ ചെയ്തത്. പുനീതിന്റെ ചിത്രം പൂക്കളാൽ അലങ്കരിച്ചതിനുശേഷം വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു രാഹുൽ. ചാമരാജനഗർ സ്വദേശിയായ മുനിയപ്പ താരത്തിന് ഹൃദയാഘാതമുണ്ടായെന്ന വാർത്ത അറിഞ്ഞതുമുതൽ ടി.വിയുടെ മുന്നിലിരുന്ന് കരയുകയായിരുന്നു. മരണവാർത്ത പുറത്തുവന്നയുടൻ ഇദ്ദേഹം ബോധരഹിതനായി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷിൻഡോളി സ്വദേശിയായ പരശുരാറാം വെള്ളിയാഴ്ച രാത്രി 11 ഓടെയാണ് മരിച്ചത്.

Advertisement
Advertisement