മന്ത്രി വാസവന്റെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി

Sunday 31 October 2021 12:15 AM IST

തിരുവനന്തപുരം: സഹകരണ മന്ത്രി വി.എൻ. വാസവന്റെ പ്രൈവറ്റ് സെക്രട്ടറിയായ ജോർജ് മാത്യുവിനെ മാറ്റി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനപ്രകാരം കൊല്ലത്തെ സി.പി.എം സംഘടനാ ചുമതലകളിലേക്കാണ് ജോർജ് മാത്യുവിനെ കഴിഞ്ഞാഴ്ച മാറ്റിയത്. അദ്ദേഹം തിങ്കളാഴ്ച ഓഫീസ് വിടും. അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി മാത്തുക്കുട്ടിക്ക് പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതല നൽകും.

സി.പി.എം ലോക്കൽ സമ്മേളനങ്ങളിലേക്ക് കടന്നതോടെ കൊല്ലത്ത് സംഘടനാകാര്യങ്ങളുടെ നടത്തിപ്പിന് ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളെ തികയാത്ത സാഹചര്യമുണ്ടായി. ഇതേത്തുടർന്നാണ് മികച്ച സംഘാടകൻ കൂടിയായ ജോർജ് മാത്യുവിന്റെ മാറ്റം.

കുണ്ടറ, കരുനാഗപ്പള്ളി തിരഞ്ഞെടുപ്പ് തോൽവികളുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായി അടുത്തിടെ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ പി.ആർ. വസന്തനെയും എൻ.എസ്. പ്രസന്നകുമാറിനെയും ഏരിയാകമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തിയിരുന്നു. ബി. രാഘവൻ, ഇ. കാസിം എന്നിവരുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവുകളും നിലവിലുണ്ട്. ജോർജ് മാത്യു മന്ത്രിയുടെ സ്റ്റാഫിലേക്കും പോയപ്പോൾ പതിനൊന്നംഗ സെക്രട്ടേറിയറ്റിൽ അഞ്ച് പേരുടെ ഒഴിവായി. സമ്മേളനത്തിരക്ക് കൂടിയായപ്പോൾ സംഘടനാരംഗത്ത് പ്രവർത്തിക്കാൻ നേതാക്കൾ തികയാതെ വന്നതോടെയാണ് ജോർജ് മാത്യുവിനോട് പാർട്ടി ചുമതലയിലേക്ക് മടങ്ങാൻ നേതൃത്വം നിർദ്ദേശിച്ചത്.

കൊട്ടാരക്കരയിൽ ആർ. ബാലകൃഷ്ണപിള്ളയ്ക്കെതിരെ ജോർജ് മാത്യു മത്സരിച്ചിട്ടുണ്ട്.